തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കി.
കേസില്‍ വീണാ വിജയനെ പ്രതി ചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. യാതൊരു സേവനവും നല്‍കാതെ വീണയുടെ എക്സാലോജിക് സിഎംആര്‍എല്ലില്‍ നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒയുടെ കണ്ടെത്തല്‍.
പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വീണയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. വീണ വിജയന്‍, സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് സിജിഎം പി.സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ അനുമതി.
2.70 കോടി രൂപ വീണ കൈപ്പറ്റിയിരിക്കുന്നത് സിഎംആര്‍എല്‍, എംപവര്‍ ഇന്ത്യ എന്നീ കമ്പനികളില്‍ നിന്നാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമാണ് എംപവര്‍ ഇന്ത്യ. ശശിധരന്‍ കര്‍ത്തയും ഭാര്യയുമാണ് ഈ കമ്പനിയുടെ ഡയറക്ടര്‍മാര്‍.
വീണയ്ക്ക് പുറമേ എക്സാലോജിക്, സിഎംആര്‍എല്‍, ശശിധരന്‍ കര്‍ത്ത എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. കമ്പനികാര്യ നിയമം 447ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ആറ് മാസം മുതല്‍ പത്ത് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് മാസപ്പടി കേസില്‍ അന്വേഷണം ആരംഭിച്ചത്.