മധുര: കേരളത്തില്‍ തുടര്‍ ഭരണം നേടുകയാണ് ലക്ഷ്യമെന്ന് പുതിയ സിപിഎം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.എ ബേബി. അടുത്ത മുഖ്യമന്ത്രിയാരെന്ന് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ രാഷ്ട്രീയമായ പ്രചരണത്തിലും സംഘടന കാര്യത്തിലുമെല്ലാം പിണറായി വിജയന്‍ തന്നെ നയിക്കും. ശരിയായ പ്രവര്‍ത്തനം നടത്തിയാല്‍ കേരളത്തില്‍ തുടര്‍ഭരണം കിട്ടും. തുടര്‍ ഭരണം കിട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാണ് 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്നും ബേബി വ്യക്തമാക്കി.
ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുപ്പെടുന്ന രണ്ടാമത്തെ മലയാളിയാണ് മരിയന്‍ അലക്‌സാണ്ടര്‍ ബേബി എന്ന എം.എ ബേബി.
മഹാരാഷ്ട്രയില്‍ നിന്നുള്ള പിബി അംഗം അശോക് ധാവ്ലെയുടെയും ആന്ധ്രയില്‍ നിന്നുള്ള രാഘവലുവിന്റെയും പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തുടക്കം മുതല്‍ കേട്ടിരുന്നുവെങ്കിലും ഒടുവില്‍ എം.എ ബേബിയെ തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തില്‍ നിന്നുളള നേതാക്കള്‍ക്ക് പുറമേ പിബി കോ- ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ എം.എ ബേബിക്കായിരുന്നു.
വോട്ടെടുപ്പില്ലാതെയാണ് പി.ബി എം.എ ബേബിയെ നേതൃസ്ഥാനത്തേക്ക് അംഗീകരിച്ചത്. 2012 മുതല്‍ സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വത്തിലാണ് ബേബിയുടെ പ്രവര്‍ത്തനം. 1989 ല്‍ കേന്ദ്രകമ്മിറ്റി അംഗമായ ബേബി 2012 ലാണ് പി.ബിയിലെത്തിയത്.