പാലക്കാട്: പാലക്കാട് ചുള്ളിമട ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ഇന്നലെ രാത്രി 10 മണിയോടെയാണ് ഒറ്റയാനെത്തിയത്. പുതുശേരി സെൻട്രലിൽ സ്വകാര്യ എഞ്ചിനിയറിങ് കോളജിന്റെ മതിൽ തക൪ത്തു. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് രണ്ട് കാട്ടാനകൾ നിലയുറപ്പിച്ചതായി പ്രദേശവാസികൾ പറയുന്നു
മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചതിന് പിന്നാലെയാണ് ചുള്ളിമടയിൽ വീണ്ടും കാട്ടാനയെ കണ്ടത്. പ്രദേശവാസികൾ പടക്കം പൊട്ടിച്ച് കാട്ടാനയെ തിരികെ കാട്ടിലേക്ക് കയറ്റി. ആന ഉൾക്കാട്ടിലേക്ക് പോയിട്ടില്ലെന്നും പ്രദേശത്ത് നിരീക്ഷണം തുടരുന്നതായും വനംവകുപ്പ് അറിയിച്ചു.
പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അലന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മുണ്ടൂർ ഒടുവങ്ങാട് സ്വദേശി അലനാണ് കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇന്നലെ രാത്രിയാണ് അലനെയും അമ്മ വിജിയെയും കാട്ടാന ആക്രമിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് മുണ്ടൂർ മേഖലയിൽ സിപിഐഎം ഹർത്താൽ ആചരിക്കും. ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ഹർത്താൽ.
പരിക്കേറ്റ വിജിയെ വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. വിജിയുടെ തോളെല്ലിനും കാലിനും പരിക്കുണ്ട്.