കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 187 വര്‍ഷം തടവിന് വിധിച്ച് തളിപ്പറമ്പ് പോക്‌സോ കോടതി. കണ്ണൂര്‍ ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയെയാണ് കോടതി ശിക്ഷിച്ചത്. ഒമ്പത് ലക്ഷം രൂപ പിഴയും ചുമത്തി.
2020 മുതല്‍ 2021 വരെയുള്ള കോവിഡ് കാലത്താണ് പ്രതി പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മോതിരം കാണിച്ച് വശീകരിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആലക്കോട് ഉദയഗിരി സ്വദേശിയായ പ്രതി പാപ്പിനിശേരിക്കടുത്താണ് താമസിച്ചിരുന്നത്. പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
സമാന കേസില്‍ പ്രതി നേരത്തേയും ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്നതുകൂടി കണക്കിലെടുത്താണ് 187 വര്‍ഷത്തെ ശിക്ഷ കോടതി വിധിച്ചത്. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പോക്‌സോ കേസില്‍ ഇയാള്‍ പ്രതിയായിരുന്നു. ജാമ്യത്തിലറങ്ങിയ ശേഷവും ഇയാള്‍ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു.