ന്യൂഡല്‍ഹി: ഇന്ത്യയില്‍ എത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ ഹുസൈന്‍ റാണയുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തി. റാണയെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം മുംബൈയിലേക്ക് കൊണ്ടു പോകും. എന്‍ഐഎ അഭിഭാഷകര്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയില്‍ എത്തിയിട്ടുണ്ട്.
കനത്ത കമാന്‍ഡോ സുരക്ഷയിലാണ് റാണയെ മുംബൈയിലേക്ക് കൊണ്ടു പോകുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് കൈമാറ്റം നടന്നത്. എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ അടക്കം 12 ഉദ്യോഗസ്ഥരാണ് റാണയെ ചോദ്യം ചെയ്യുക. ഇയാള്‍ക്കെതിരെയുള്ള ദേശീയ അന്വേഷണ ഏജന്‍യുടെ കേസ് നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ നരേന്ദര്‍ മാനെയെ സ്‌പെഷല്‍ പോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന അപ്പീല്‍ യു.എസ് സുപ്രീം കോടതി തള്ളിയതോടെയാണ് റാണയെ കൈമാറിയത്. ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുമെന്നായിരുന്നു റാണ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കാലിഫോര്‍ണിയ കോടതിയില്‍ തഹാവൂര്‍ റാണ ഫെബ്രുവരിയില്‍ അടിയന്തര അപേക്ഷ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ മാസം അത് തള്ളുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇയാള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരില്‍ ഒരാളായ അമേരിക്കന്‍ വംശജനായ പാക് ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇയാളെ കൈമാറണമെന്ന് ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെട്ട് വരികയായിരുന്നു. 2018 ഓഗസ്റ്റിലാണ് ഇന്ത്യ റാണയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.