ചെന്നൈ: ഇന്ത്യയിലെ 'ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ്' എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
സംസ്‌കാരം ഏപ്രില്‍ 21 ന് കോട്ടയം സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ പളളിയില്‍. ബീനാ മാത്യുവാണ് ഭാര്യ. അന്ന മാത്യു, സാം മാത്യു എന്നിവര്‍ മക്കളാണ്.
ഡോ. മാത്യു സാമുവലാണ് നാഷണല്‍ ആന്‍ജിയോപ്ലാസ്റ്റി റജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത്. ആന്‍ജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങള്‍ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുളള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അദേഹം ആദരിക്കപ്പെടുന്നത്. 2000 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1986 ല്‍ ആദ്യത്തെ കൊറോണറി ആന്‍ജിയോപ്ലാസ്റ്റിയാണ് മാത്യു സാമുവല്‍ നടത്തിയത്. ശരീരത്തില്‍ സ്വാഭാവികമായി ലയിച്ച് ചേരുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത ബയോ റിസോര്‍ബബിള്‍ സ്റ്റെന്റുകളുടെ ഉപയോഗത്തിന് തുടക്കം കുറിച്ചത് മാത്യു സാമുവലാണ്. ഇലക്ട്രോണിക് ആല്‍ഗോമീറ്റര്‍, ജുഗുലാര്‍ വെനസ് പ്രഷര്‍ സ്‌കെയില്‍ തുടങ്ങിയ ഉപകരണങ്ങളുടെ പേറ്റന്റും അദേഹം നേടി.
1948 ജനുവരി ആറിന് കോട്ടയം മാങ്ങാനത്ത് ജനിച്ച മാത്യു സാമുവല്‍ കളരിക്കല്‍ കോട്ടയം മെഡിക്കല്‍ കോളജിലെ പഠനത്തിന് ശേഷം ചെന്നൈയില്‍ കാര്‍ഡിയോളജിയില്‍ ഉപരിപഠനവും സ്പെഷ്യലൈസേഷനും നടത്തി. തുടര്‍ന്ന് ചെന്നൈ അപ്പോളോ, ലീലാവതി, മുംബൈ സൈഫി, ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റല്‍ തുടങ്ങിയ പ്രശസ്ത ആശുപത്രികളില്‍ അദേഹം സേവനമനുഷ്ടിച്ചു. വിവിധ വിദേശ രാജ്യങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി പരിശീലനം നല്‍കാന്‍ അദേഹം നിരവധി യാത്രകളും നടത്തിയിട്ടുണ്ട്.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിച്ച അറുമുഖസ്വാമി കമ്മീഷന്‍ മൊഴി രേഖപ്പെടുത്തിയ ഡോക്ടര്‍മാരില്‍ ഒരാളാണ് അദേഹം. ഏഷ്യ-പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളില്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പ്രചാരത്തില്‍ ഡോ. മാത്യു കളരിക്കല്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.