മെഡിസെപ്പ് തുടരാന്‍ ശുപാര്‍ശ: ഏറ്റവും കുറഞ്ഞ പ്രതിമാസ പ്രീമിയം 750 രൂപയായി ഉയരും

മെഡിസെപ്പ് തുടരാന്‍ ശുപാര്‍ശ: ഏറ്റവും കുറഞ്ഞ പ്രതിമാസ പ്രീമിയം 750 രൂപയായി ഉയരും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് തുടരാന്‍ വിദഗ്ധസമിതിയുടെ ശുപാര്‍ശ. പ്രീമിയം അമ്പത് ശതമാനമെങ്കിലും ഉയര്‍ത്തിയാലേ പദ്ധതി തുടരാനാകൂ എന്ന് ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി വ്യക്തമാക്കുന്നു.

ഇപ്പോള്‍ 500 രൂപയാണ് പ്രതിമാസ പ്രീമിയം. ഇത് ഏറ്റവും കുറഞ്ഞത് 750 രൂപയായി ഉയരും. നിലവില്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് മെഡിസെപ്പ് നടത്തുന്നത്. ഇവരുമായുള്ള മൂന്നുവര്‍ഷത്തെ കരാര്‍ ജൂണ്‍ 30 ന് അവസാനിക്കും. അടുത്ത ഘട്ടം മെഡിസെപ്പിനായി ഈ മാസം തന്നെ ധനവകുപ്പ് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കണം. കമ്പനിയെ നിശ്ചയിച്ച് കരാറില്‍ ഏര്‍പ്പെടണം. മെഡിസെപ്പ് കാര്യക്ഷമമല്ലെന്ന് വ്യാപകമായ പരാതികള്‍ ഉണ്ടായതോടെ പദ്ധതി തുടരുന്നതില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പഠിക്കാന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയത്.

ധനവകുപ്പിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഡോ. ശ്രീറാം വെങ്കിട്ടരാമനായിരുന്നു വിദഗ്ധസമിതിയുടെ നേതൃത്വം. സമിതി കരടുറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതില്‍ സര്‍ക്കാര്‍ അന്തിമതീരുമാനമെടുക്കുമെന്ന് ധനവകുപ്പ് അറിയിച്ചു. ഇന്‍ഷുറന്‍സ് കവറേജ് നിലവിലുള്ള മൂന്ന് ലക്ഷം രൂപയായി തന്നെ തുടരാനാണ് ശുപാര്‍ശ. ഇപ്പോള്‍ പദ്ധതിയിലുള്ള ആശുപത്രികളിലെ ചില ഡിപ്പാര്‍ട്ട്മെന്റുകളിലെ ചികിത്സയ്ക്കുമാത്രമേ പണം അനുവദിക്കുന്നുള്ളൂ. ഇത് അസൗകര്യങ്ങളും പരാതിയും ഉണ്ടാക്കിയിരുന്നു. അതിനാല്‍, പദ്ധതിയില്‍ ചേരുന്ന ആശുപത്രികളിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലേയും ചികിത്സയ്ക്ക് പരിരക്ഷ ഉറപ്പാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.

പ്രമുഖ സ്വകാര്യാശുപത്രികള്‍ മെഡിസെപ്പിന് എതിരായിരുന്നു. നിശ്ചയിച്ച ചികിത്സാ ചെലവുകള്‍ പര്യാപ്തമല്ലെന്നായിരുന്നു പരാതി. അതിനാല്‍ ഇത്തവണ സ്വകാര്യാശുപത്രികളുടെ സംഘടനാ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തിയാണ് വിദഗ്ധസമിതി രൂപവല്‍കരിച്ചത്.

പദ്ധതിയില്‍ ചേരുന്നത് നിര്‍ബന്ധിതമാക്കരുതെന്നും കുടുംബത്തില്‍ ഒന്നിലധികം ജീവനക്കാരുണ്ടെങ്കില്‍ ഒരാളില്‍നിന്ന് മാത്രമേ പ്രീമിയം ഈടാക്കാവൂ എന്നും ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. സംഘടനകളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.