'വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിന്റെ തുടക്കം'; എല്ലാ മലയാളിക്കുമുള്ള സര്‍ക്കാരിന്റെ സമ്മാനമെന്ന് മുഖ്യമന്ത്രി

'വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിന്റെ തുടക്കം'; എല്ലാ മലയാളിക്കുമുള്ള സര്‍ക്കാരിന്റെ സമ്മാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിന്റെ തുടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടത് സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ എല്ലാ മലയാളിക്കുമുള്ള സമ്മാനമാണ് ഇത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിലാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിച്ച് ഇതര സംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനാകെയും മാതൃകയായാണ് സംസ്ഥാന സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നത്. അസാധ്യമാണെന്ന് കരുതിയ പലതും സാധ്യമാക്കിയ ഒന്‍പത് വര്‍ഷമാണ് കടന്നുപോയത്. സര്‍ക്കാര്‍ പത്താംവര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ ഓരോ മലയാളിക്കുമുള്ള സമ്മാനമായാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷന്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നത്. കമ്മിഷന്‍ ചെയ്യുന്നതോടെ കേരളം ലോക മാരിടൈം ഭൂപടത്തിലെ പ്രധാന കേന്ദ്രമാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വ്യാപാരത്തിനും ലോജിസ്റ്റിക്‌സിനും ആഗോളതലത്തില്‍ നിര്‍ണായക സ്ഥാനം നല്‍കുന്ന പുതിയ യുഗത്തിന്റെ പ്രാരംഭ മുഹൂര്‍ത്തമാണിത്. വിഴിഞ്ഞം പദ്ധതി നമ്മുടെ നാടിനുള്ളതാണ്. കല്ലിട്ടതുകൊണ്ട് മാത്രം കാര്യങ്ങള്‍ പൂര്‍ത്തിയാകില്ല. ഇപ്പോള്‍ കപ്പല്‍ ഓടുന്ന അവസ്ഥയില്‍ എത്തിയല്ലോ. വിഴിഞ്ഞം പദ്ധതി ഈ സര്‍ക്കാരിന്റേയോ അതിന് മുമ്പുള്ള (2011 മുതല്‍ 2016 വരേയുള്ള) സര്‍ക്കാരിന്റേയോ കണ്ടെത്തല്‍ അല്ല എന്ന് പ്രത്യേകം ഓര്‍മ്മിക്കണം. പതിറ്റാണ്ടുകളായി തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കാരമാണ്. അതില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം ഏറ്റവും നിര്‍ണായകമായിരുന്നു.

2016 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരും നിലവിലുള്ള സര്‍ക്കാരും ഉചിതമായ കാര്യങ്ങള്‍ ചെയ്തു. അത് ക്രെഡിറ്റ് നേടുന്നതിന് വേണ്ടിയല്ല. നമ്മുടെ നാട് മുമ്പോട്ട് പോകുന്നതിന് വേണ്ടിയാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ തര്‍ക്കവിഷയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനല്ല പ്രാധാന്യം കല്‍പ്പിച്ചത്. പദ്ധതിയുമായി മുമ്പോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞത്ത്, ബോട്ട് തള്ളിക്കൊണ്ട് വന്ന് ഉദ്ഘാടനം നടത്തുന്ന രീതിയല്ല വരാന്‍ പോകുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേദഹം പറഞ്ഞു. അതിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നവര്‍ക്ക് ജനം നല്‍കും.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, ആക്രമണം മനുഷ്യരാശിയോടുള്ള വെല്ലുവിളിയാണെന്നും ഭീകരവാദത്തിന് തക്കതായ മറുപടി കേന്ദ്രം നല്‍കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ എന്‍. രാമചന്ദ്രന്റെ മകളുടെ ധൈര്യം മാതൃകാപരമെന്നും അദേഹം എടുത്തുപറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.