'കൂടെക്കൂട്ടിയത് എന്റെ മകളും മകളുടെ കുട്ടിയുമായതിനാല്‍'; വിഴിഞ്ഞം സന്ദര്‍ശന വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

'കൂടെക്കൂട്ടിയത് എന്റെ മകളും മകളുടെ കുട്ടിയുമായതിനാല്‍'; വിഴിഞ്ഞം സന്ദര്‍ശന വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞത്തേക്ക് മളെയും പേരക്കുട്ടിയെയും കൂട്ടിയതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബമായതിനാലാണ് അവരെ കൂടെക്കൂട്ടിയതെന്നും ഇതിന് മുമ്പും കൂടെക്കൂട്ടിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വിഴിഞ്ഞം സന്ദര്‍ശന സമയത്ത് മകളേയും പേരക്കുട്ടിയേയും ഒപ്പം കൂട്ടിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വന്‍തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിലുള്ള യാത്രയിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വാര്‍ത്താ സമ്മേളനത്തില്‍വച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'എന്റെ മകളും മകളുടെ കുട്ടിയും ആയതുകൊണ്ടാണ് എന്റെ കൂടെ ഉണ്ടായത്. അത് സ്വാഭാവികമാണ്. ആ കുട്ടി ചെറുതായിരിക്കുമ്പോള്‍ തന്നെ ചില എക്‌സിബിഷനുകളില്‍ പോകുമ്പോള്‍ ഞാന്‍ എടുത്തു് നടന്നത് നിങ്ങള്‍ കണ്ടതല്ലേ. വിഴിഞ്ഞത്തേക്ക് പോയത് അവിടത്തെ കാര്യങ്ങള്‍ കാണാനാണ്. ചിലര്‍ ഉന്നയിച്ചത് ഈ കാറില്‍ വരണമായിരുന്നോ എന്നാണ്? ഞാന്‍ ആ കാറില്‍ തന്നെ അവരെ കൂട്ടി എന്ന് മാത്രേയുള്ളൂ. വിഴിഞ്ഞത്ത് പ്രധാനമന്ത്രിയുടെ സുരക്ഷയല്ല വിലയിരുത്തിയത്. ശശി തരൂര്‍ അവിടെ പോയില്ലേ. ശശി തരൂര്‍ പോയിട്ട് പ്രധാനമന്ത്രിയുടെ സുരക്ഷയാണോ വിലയിരുത്തിയത്. അത് വിലയിരുത്താന്‍ പ്രത്യേക സംവിധാനങ്ങളില്ലേ?'- എന്നും മുഖ്യമന്ത്രി ചോദിച്ചു.

വിഴിഞ്ഞത്ത് ചെന്നപ്പോഴല്ലേ ആശ്ചര്യം. മത്സ്യത്തൊഴിലാളി കുടുംബത്തില്‍പെട്ട ചെറിയ പെണ്‍കുട്ടികള്‍ ക്രെയിന്‍ ഉപയോഗിച്ച് കണ്ടെയിനര്‍ ഓപ്പറേറ്റ് ചെയ്യുന്നു. കപ്പലിന്റെ നീക്കങ്ങള്‍ അവര് നിയന്ത്രിക്കുന്നു. നമ്മുടെ കുട്ടികള്‍ എത്രമാത്രം കഴിവിലേക്ക് എത്തി എന്ന് അത് കണ്ടതുകൊണ്ടാണ് മനസിലായത്. അങ്ങനെയുള്ള കാര്യങ്ങളാണ് അവിടെ കണ്ടത്. അതല്ലാതെ മറ്റു ഔദ്യോഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല അവിടെ പോയതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം ഉദ്ഘാടന പരിപാടിയില്‍ പ്രതിപക്ഷ നേതാവിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല എന്ന ആരോപണത്തിലും മുഖ്യമന്ത്രി മറുപടി പറഞ്ഞു. പരിപാടിയില്‍ പ്രതിപക്ഷ നേതാവ് ഇല്ല എന്ന് പറഞ്ഞ് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അദേഹം പരിപാടിയില്‍ ഉണ്ട് എന്ന കാര്യം ഇപ്പോള്‍ വ്യക്തമായല്ലോ. പരിപാടിയുടെ കാര്യം സര്‍ക്കാരല്ല തീരുമാനിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയാകുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കൂടി അംഗീകരിച്ചതിന് ശേഷമാണ് ലിസ്റ്റിന് അന്തിമരൂപം വരിക. അത് ഇപ്പോഴാണ് വന്നത്. അതില്‍ പ്രതിപക്ഷനേതാവും ഉണ്ട്. അദ്ദേദഹം പങ്കെടുക്കാതിരിക്കാന്‍ സാധാരണഗതിയില്‍ പ്രശ്‌നമൊന്നും കാണുന്നില്ല.

ക്രെഡിറ്റിന്റെ പ്രശ്‌നം ആണെങ്കില്‍ അത് ജനങ്ങള്‍ തീരുമാനിക്കേണ്ട കാര്യമാണ്. പ്രതിപക്ഷ നേതാവിന്റെ പേര് സര്‍ക്കാര്‍ അങ്ങോട്ട് നല്‍കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങള്‍ ഏതായാലും അദേഹത്തെ സ്വാഗതം ചെയ്യുന്നു. ഇനിയും അദേഹത്തിന് മനസ് മാറ്റി പരിപാടിയില്‍ പങ്കെടുക്കാവുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ പേര് ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ നല്‍കിയത് ജനപ്രതിനിധികളുടെ ലിസ്റ്റ് മാത്രമായിരുന്നുവെന്നും അദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വന്ന ലിസ്റ്റിലാണ് അവരുടെ പേര് ഉള്‍പ്പെട്ടിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.