വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് വത്തിക്കാനിലെ സിസ്റ്റെയ്ന്‍ ചാപ്പലില്‍ തുടക്കമായി. വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനും മറ്റ് പ്രാര്‍ത്ഥനകള്‍ക്കും ശേഷം പ്രാദേശിക സമയം 4.30 ഓടെ കര്‍ദിനാള്‍മാര്‍ സിസ്റ്റെയ്ന്‍ ചാപ്പലില്‍ പ്രവേശിച്ചു.
ആദ്യ ദിവസമായ ഇന്ന് ഒരു റൗണ്ട് വോട്ടെടുപ്പ് മാത്രമേ ഉണ്ടാകുകയുള്ളു. 133 കര്‍ദിനാള്‍മാരാണ് വോട്ടെടുപ്പില്‍ സംബന്ധിക്കുക. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഒരാളെ ഇന്ന് തിരഞ്ഞെടുത്തില്ലെങ്കില്‍ വ്യാഴാഴ്ച വീണ്ടും പ്രാര്‍ത്ഥനകളും വോട്ടെടുപ്പും നടക്കും.
അതിനായി വ്യാഴാഴ്ച രാവിലെ 7.45 ന് വാസസ്ഥലമായ സാന്താ മാര്‍ത്തയില്‍ നിന്ന് അപ്പസ്‌തോലിക കൊട്ടാരത്തിലേക്ക് യാത്രയാകുന്ന കര്‍ദിനാള്‍മാര്‍ വിശുദ്ധ പൗലോസിന്റെ ചാപ്പലില്‍ രാവിലെ 8.15ന് പ്രഭാത പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടത്തും.
തുടര്‍ന്ന് സിസ്റ്റെയ്ന്‍ ചാപ്പലില്‍ വച്ച് 9.15 ന് രണ്ടാം യാമ പ്രാര്‍ത്ഥനയും തുടര്‍ന്ന് വോട്ടെടുപ്പുകളും നടക്കും. വോട്ടെടുപ്പിന്റെ ഫലമനുസരിച്ച് 10.30 നോ 12 നോ വോട്ടിന്റെ ഫലം വ്യക്തമാക്കുന്ന പുകയുയരാന്‍ സാധ്യതയുണ്ട്.
ഈ വോട്ടെടുപ്പുകളിലും ഒരാളെ തിരഞ്ഞെടുക്കാനായില്ലെങ്കില്‍ 12.30 ന് ഉച്ച ഭക്ഷണത്തിനായി കര്‍ദിനാള്‍മാര്‍ തിരികെ സാന്താ മര്‍ത്തയിലേക്ക് പോകും. പിന്നീട് വ്യാഴാഴ്ച വൈകുന്നേരം 3.45 നായിരിക്കും കര്‍ദിനാള്‍മാര്‍ വീണ്ടും അപ്പസ്‌തോലിക കൊട്ടാരത്തിലേക്കെത്തുക.
ഉച്ചകഴിഞ്ഞുള്ള പ്രഥമ വോട്ടെടുപ്പ് വൈകുന്നേരം 4.30 നായിരിക്കും. വോട്ടെടുപ്പിന്റെ ഫലമനുസരിച്ച് വൈകുന്നേരം 5.30 നും ഏഴിനും വോട്ടിന്റെ ഫലം വ്യക്തമാക്കുന്ന പുകയുയരും. തുടര്‍ന്ന് സായാഹ്ന പ്രാര്‍ത്ഥനകള്‍ നടക്കും. 7:30 ന് കര്‍ദിനാളുമാര്‍ തിരികെ സാന്താ മാര്‍ത്തയിലേക്ക് പോകും.
വ്യാഴാഴ്ച രാവിലെയും ഉച്ചകഴിഞ്ഞും നടക്കുന്ന ആദ്യ വോട്ടെടുപ്പുകളില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഒരാളെ തിരഞ്ഞെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ രണ്ടാമത്തെ വോട്ടെടുപ്പുകള്‍ക്ക് ശേഷമായിരിക്കും പുകയുയരുകയെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി അറിയിച്ചു.