ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തര്‍ത്തതിന് പിന്നാലെ സുരക്ഷാ കാരണങ്ങളാല്‍ രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചിട്ടു. ശനിയാഴ്ച പുലര്‍ച്ചെ 5.29 വരെയാണ് ജമ്മു കാശ്മീര്‍ മേഖല ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ അടച്ചിട്ടത്.
ഇന്ന് മാത്രം 430 സര്‍വീസുകളാണ് റദ്ദാക്കിയത്. രാജ്യത്തെ ആകെ ഷെഡ്യൂള്‍ഡ് സര്‍വീസുകളുടെ മൂന്ന് ശതമാനമാണിത്. പാകിസ്ഥാന്‍ 147 വിമാന സര്‍വീസുകള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അവരുടെ പ്രതിദിന സര്‍വീസുകളുടെ 17 ശതമാനമാണിത്.
ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സര്‍, ലുധിയാന, പട്യാല, ബതിന്ഡ, ഹല്‍വാര, പത്താന്‍കോട്ട്, ഭുന്തര്‍, ഷിംല, ഗഗല്‍, ധര്‍മശാല, കിഷന്‍ഗഡ്, ജയ്സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, മുണ്ട്ര, ജാംനഗര്‍, രാജ്കോട്ട്, പോര്‍ബന്ധര്‍, കാണ്ട്ല, കേശോദ്, ഭുജ്, ഗ്വാളിയോര്‍, ഹിന്‍ഡന്‍ എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്.
ഇന്നലെ ഏകദേശം 250 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് വഴിതിരിച്ചു വിട്ടതായി എയര്‍ ഇന്ത്യ അറിയിച്ചു.
പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്തുന്നത് തടയാന്‍, രാജ്യാന്തര അതിര്‍ത്തിയില്‍ ബിഎസ്എഫ് ഹൈ അലര്‍ട്ടിലാണ്. ഈ സ്ഥലങ്ങളിലേക്ക് വിമാന യാത്രകള്‍ ബുക്ക് ചെയ്തിരിക്കുന്നവര്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചു.
അതിനിടെ പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ ഖത്തര്‍ എയര്‍വെയ്സ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്നാണിത്.