അമേരിക്കയിൽ നിന്ന് കത്തോലിക്കാ സഭയുടെ അമരത്തേക്ക്; ലിയോ പതിനാലാമൻ പ്രേഷിത സഭയുടെ കരുത്ത്

അമേരിക്കയിൽ നിന്ന് കത്തോലിക്കാ സഭയുടെ അമരത്തേക്ക്; ലിയോ പതിനാലാമൻ പ്രേഷിത സഭയുടെ കരുത്ത്

വത്തിക്കാൻ സിറ്റി: അഗസ്റ്റീനിയൻ സന്യാസ സഭയിലെ ഒരു സാധാരണ മിഷനറിയായി ശുശ്രൂഷാ ജീവിതം ആരംഭിച്ച 69 വയസ്സുകാരനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് ഇന്ന് മുതൽ കത്തോലിക്കാ സഭയുടെ അമരക്കാരൻ. മിശിഹായുടെ വികാരിയും, ആഗോള കത്തോലിക്കാ സഭയുടെ തലവനും, റോമൻ കത്തോലിക്കാ രൂപതയുടെ മെത്രാപ്പോലീത്തയും, വത്തിക്കാൻ രാഷ്ട്രത്തിന്റെ തലവനുമായി അദ്ദേഹം നിയുക്തനായിരിക്കുന്നു.

അമേരിക്കയിലെ ചിക്കാഗോയിൽ ജനിച്ച്വറോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് ദീർഘകാലം ലാറ്റിനമേരിക്കയിലെ പെറുവിൽ മിഷൻ പ്രവർത്തനം നടത്തി. അവിടെയുള്ള ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമൊപ്പമുള്ള അദ്ദേഹത്തിൻ്റെ ജീവിതം ആത്മീയതയ്ക്ക് പുതിയ വെളിച്ചം നൽകി. സഭയെ നയിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ഇടപെടലാണ് അദ്ദേഹത്തെ ഈ വലിയ ഉത്തരവാദിത്തത്തിലേക്ക് എത്തിച്ചത് എന്ന് നിസ്സംശയം പറയാം. അതിനാൽ തന്നെ അദ്ദേഹത്തെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് ഉചിതമല്ല.

1955-ൽ യു.എസ്.എയിലെ ചിക്കാഗോയിൽ ജനിച്ച പ്രീവോസ്റ്റ്, 1982-ൽ അഗസ്റ്റിനിയൻ സന്യാസ സഭയിൽ നിന്ന് വൈദികനായി അഭിഷിക്തനായി. തുടർന്ന് പെറുവിലെ ദരിദ്രരുടെ ഇടയിൽ നടത്തിയ മിഷനറി പ്രവർത്തനം അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾക്ക് ആഴം നൽകി.

പുതിയ പാപ്പ ഏത് രാജ്യക്കാരനോ ഏത് ഭാഷ സംസാരിക്കുന്ന വ്യക്തിയോ ആകട്ടെ, അദ്ദേഹത്തിന് ക്രിസ്തുവിൻ്റെ ഭാഷയിൽ സംസാരിക്കാനും, സഭയുടെ ആധികാരികമായ പഠനങ്ങളെ ഉയർത്തിപ്പിടിക്കാനും കഴിയും. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം അവിടെ തടിച്ചുകൂടിയ വിശ്വാസികളോടും ലോകമെമ്പാടുമുള്ള ജനങ്ങളോടും തൻ്റെ ആദ്യ സന്ദേശം പങ്കുവെച്ചു. ഭയമില്ലാത്ത ജീവിതം, ഐക്യം, സമാധാനം എന്നീ വാക്കുകൾ അദ്ദേഹത്തിൻ്റെ പ്രഥമ സന്ദേശത്തിൽ  പ്രധാനമായി കേട്ടു. 

"ഭയമില്ലാതെ, ഒന്നിച്ച്, ദൈവത്തോടും പരസ്പരവും കൈകോർത്ത്, നാം മുന്നോട്ട് പോകും. നാം ക്രിസ്തുവിൻ്റെ ശിഷ്യന്മാരാണ്, ക്രിസ്തു നമുക്ക് മുൻപേ പോകുന്നു, ലോകത്തിന് അവൻ്റെ വെളിച്ചം ആവശ്യമുണ്ട്. ദൈവത്തിലേക്കും അവൻ്റെ സ്നേഹത്തിലേക്കും എത്താൻ മനുഷ്യരാശിക്ക് അവനൊരു പാലം പോലെ ആവശ്യമാണ്. സംഭാഷണത്തിലൂടെയും കണ്ടുമുട്ടലിലൂടെയും പാലങ്ങൾ പണിയാൻ നിങ്ങൾ ഞങ്ങളെ സഹായിക്കണം, അങ്ങനെ നമുക്കെല്ലാവർക്കും എപ്പോഴും സമാധാനത്തിൽ ഒരു ജനതയായിരിക്കാൻ കഴിയും," ലിയോ പതിനാലാമൻ മാർപ്പാപ്പ തൻ്റെ ആദ്യ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

പ്രേഷിത പ്രവർത്തനത്തിൻ്റെയും സാധാരണക്കാരോടുള്ള പ്രതിബദ്ധതയുടെയും കരുത്തുമായി കത്തോലിക്കാ സഭയുടെ അമരത്തേക്ക് എത്തുന്ന പ്രഥമ അമേരിക്കക്കാരനായ ലിയോ പതിനാലാമൻ ലോകത്തിന് പ്രത്യാശയുടെയും സമാധാനത്തിൻ്റെയും വെളിച്ചം പകരുമെന്ന് നമുക്ക് പ്രത്യാശിക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.