'ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞിട്ടില്ല; കണ്ടത് ട്രെയ്‌ലര്‍ മാത്രം, നല്ല നടപ്പെങ്കില്‍ പാകിസ്ഥാന് കൊള്ളാം': രാജ്‌നാഥ് സിങ്

'ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞിട്ടില്ല;  കണ്ടത് ട്രെയ്‌ലര്‍ മാത്രം, നല്ല നടപ്പെങ്കില്‍ പാകിസ്ഥാന് കൊള്ളാം': രാജ്‌നാഥ് സിങ്

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും കണ്ടത് വെറും ട്രെയ്‌ലര്‍ മാത്രമാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ തകര്‍ത്ത ഭീകരവാദ ശൃംഖല പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍.

ആ രാജ്യത്തിന് ലഭിക്കുന്ന പണം മുഴുവനും ഭീകര പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനത്തിനായി വിനിയോഗിക്കുമെന്നതിനാല്‍ പാകിസ്ഥാന് അനുവദിച്ച ധനസഹായം കൈമാറുന്ന കാര്യം പുനപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധിയോട് (ഐഎംഎഫ്) അദേഹം ആവശ്യപ്പെട്ടു. കാശ്മീരിലെ ഭുജ് വ്യോമ താവളത്തില്‍ വ്യോമ സേനാംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രതിരോധ മന്ത്രി.

മുരിദ്കെയിലേയും ഭവല്‍പുരിലേയും ലഷ്‌കറെ തൊയ്ബയുടേയും ജെയ്ഷെ മുഹമ്മദിന്റേയും താവളങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള ധനസഹായം പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് ലഭിക്കുന്ന പണം ഇതിനായി വിനിയോഗിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ഇന്നത്തെ സാഹചര്യത്തില്‍ പാകിസ്ഥാനുള്ള ഏതൊരു സാമ്പത്തിക സഹായവും ഇത്തരത്തില്‍ ഭീകരവാദ ഫണ്ടിങിലേക്ക് പോകുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. പാകിസ്ഥാന് അനുവദിച്ച 100 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ഐഎംഎഫ് പുനപരിശോധിക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു.

പാകിസ്ഥാന് ഇപ്പോള്‍ 'പ്രൊബേഷന്‍' അനുവദിച്ചിരിക്കുകയാണെന്നും നല്ല നടപ്പിലേക്ക് നീങ്ങുകയാണെങ്കില്‍ അവര്‍ക്ക് തന്നെയാണ് നല്ലതെന്നും അല്ലാത്ത പക്ഷം ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള കടുത്ത ശിക്ഷാനപടി നേരിടേണ്ടി വരുമെന്നും രാജ്നാഥ് സിങ് മുന്നറിയിപ്പ് നല്‍കി.

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ച വ്യോമ സേനയെ സിങ് അഭിനന്ദിച്ചു. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയതില്‍ വ്യോമ സേനയ്ക്ക് പ്രധാന പങ്കുണ്ട്. പാക് ഭീകരതയെ തരിപ്പണമാക്കാന്‍ വെറും 23 മിനിറ്റ് മാത്രമേ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് ആവശ്യമായി വന്നുള്ളൂ.

പാകിസ്ഥാന്‍ പോലും ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈല്‍ കരുത്തിനെ അംഗീകരിച്ചു. രാത്രിയുടെ അന്ധകാരത്തില്‍ പകലിന്റെ പ്രകാശം പരത്താന്‍ ബ്രഹ്‌മോസിനായതായും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.