കുടിയേറ്റക്കാര്‍ക്കായി റിയാലിറ്റി ഷോയുമായി അമേരിക്ക: വിജയിക്കുന്നവര്‍ക്ക് സമ്മാനം പൗരത്വം; പരാജയപ്പെടുന്നവര്‍ രാജ്യം വിടേണ്ടി വരും

കുടിയേറ്റക്കാര്‍ക്കായി റിയാലിറ്റി ഷോയുമായി അമേരിക്ക: വിജയിക്കുന്നവര്‍ക്ക് സമ്മാനം പൗരത്വം; പരാജയപ്പെടുന്നവര്‍ രാജ്യം വിടേണ്ടി വരും

വാഷിങ്ടണ്‍: കുടിയേറ്റക്കാര്‍ക്ക് പൗരത്വം നേടാന്‍ വമ്പന്‍ അവസരം ഒരുക്കി അമേരിക്ക. പൗരത്വം നേടാന്‍ കുടിയേറ്റക്കാര്‍ക്കായി റിയാലിറ്റി ഷോ നടത്താന്‍ ഒരുങ്ങുകയാണ് ഡിപാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂറിറ്റീസ്. ഷോയില്‍ വിജയിക്കുന്നവര്‍ക്ക് യു.എസ് പൗരത്വമാണ് സമ്മാനം. ഇത്തരമൊരു നിര്‍ദേശം പരിഗണനയിലുണ്ടെന്ന കാര്യം ഡിഎച്ച്എസ് (ഡിപാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂറിറ്റീസ്) വെള്ളിയാഴ്ച സ്ഥിരീകരിച്ചു.

കനേഡിയന്‍ അമേരിക്കനായ റോബ് വോര്‍സോഫാണ് പരിപാടിയുടെ അവതാരകനാകുക. ദേശസ്നേഹവും പൗരധര്‍മ്മവും ആവോളമുണ്ടെന്ന് മത്സരാര്‍ഥികള്‍ തെളിയിക്കേണ്ടി വരും. യുഎസിലേക്കുള്ള കുടിയേറ്റക്കാരുടെ പ്രവേശനകവാടമായ എലിസ് ദ്വീപിലാണ് മത്സരം ആരംഭിക്കുക.

അതേസമയം വകുപ്പിലെ ജീവനക്കാരില്‍ നിന്ന് ഷോ സംബന്ധിച്ച് അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം ലഭിച്ചിട്ടില്ലെന്നും ഓരോ നിര്‍ദേശവും അംഗീകരിക്കുന്നതിനോ തള്ളിക്കളയുന്നതിനോ മുന്‍പ് സമഗ്ര പരിശോധനയ്ക്ക് വിയേയമാക്കുന്ന പതിവുണ്ടെന്നും പബ്ലിക് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ട്രിസിയ മക് ലോഗ്ലിന്‍ വ്യക്തമാക്കി.

കുടിയേറ്റക്കാര്‍ക്ക് കടുത്ത മത്സരം നേരിടേണ്ടി വരുമെന്നാണ് സൂചന. പരാജയപ്പെടുന്നവര്‍ക്ക് രാജ്യം വിട്ടുപോകേണ്ടതായും വരും. ഓരോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എപ്പിസോഡുകളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണം കുഴിച്ചെടുക്കുന്നത് മുതല്‍ ഫോര്‍ഡിന്റെ പഴയ മോഡല്‍ കാര്‍ അഴിച്ച് സെറ്റ് ചെയ്യുന്നതുവരെ മത്സരങ്ങളുടെ പട്ടികയിലുണ്ട്.

കൂടാതെ ഓരോ എപ്പിസോഡിലും ഒരു മത്സരാര്‍ഥി വീതം പുറത്താകും. കഴിയുന്നത്ര പിടിച്ചുനില്‍ക്കുകയും മത്സരത്തില്‍ വിജയിക്കുകയുമായിരിക്കണം ഓരോ കുടിയേറ്റക്കാരന്റേയും ഒരേയൊരു ലക്ഷ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.