ഹൈദരാബാദ്: ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപമുണ്ടായ വന്‍ തീപിടിത്തത്തില്‍ 17 പേര്‍ മരിച്ചു. ചാര്‍മിനാറിനടുത്ത് ഗുല്‍സാര്‍ ഹൗസിലെ ജ്വല്ലറിയില്‍ ഇന്ന് രാവിലെ ആറിനാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് പൊള്ളലേറ്റും പുക ശ്വസിച്ചും 20 പേരെ സമീപത്തുള്ള ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.
വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞ തെരുവിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പതിനൊന്നോളം ഫയര്‍ഫോഴ്‌സ് സംഘം തീ അണയ്ക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജ്വല്ലറികള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. താമസിയാതെ മുകളിലെ മൂന്ന് നിലകളിലേക്കും തീ വ്യാപിച്ചു.
മുകള്‍ നിലയിലെ മുറികളില്‍ താമസിച്ചിരുന്നവരാണ് മരിച്ചവരില്‍ കൂടുതല്‍ പേരും. തീപിടുത്തത്തെ തുടര്‍ന്ന് എയര്‍ കണ്ടീഷണറിന്റെ കംപ്രസറുകള്‍ പൊട്ടിത്തെറിച്ചു. ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.