വത്തിക്കാൻ സിറ്റി: പ്രഥമ സാര്‍വ്വത്രിക സൂനഹദോസായ നിഖ്യാ സൂനഹദോസിന്റെ 1700ാം വാര്‍ഷികാചരണത്തിന് തുടക്കമായി. നിഖ്യാ സൂനഹദോസിന്റെ വാർഷികം കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തോലോമിയോ ഒന്നാമനുമൊത്ത് ആഘോഷിക്കുന്നതിന് തുർക്കി സന്ദർശിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ലിയോ പതിനാലാമൻ പാപ്പ വെളിപ്പെടുത്തി. ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചക്കിടെയാണ് പാപ്പ തന്റെ ആഗ്രഹം പ്രകടമാക്കിയത്.
ഈ വര്‍ഷം തന്നെ സന്ദർശനം നടത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും പാപ്പ വ്യക്തമാക്കി. പുതിയ പാപ്പയ്ക്ക് പാത്രിയാർക്കീസ് പ്രാര്‍ത്ഥനാശംസകള്‍ നേർന്നു. കത്തോലിക്ക - ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള ദൈവവിജ്ഞാനീയ സംഭാഷണങ്ങൾ പരിപോഷിപ്പിക്കുകയും ആഴപ്പെടുത്തകയും ചെയ്യേണ്ടതിൻറെയും സാമൂഹ്യ പ്രശ്നങ്ങളുടെ തലത്തിൽ സഹകരണത്തിന്റെയും പ്രാധാന്യവും കൂടിക്കാഴ്ച വേളയിൽ ചര്‍ച്ചയായി. ഇതിന് പിന്നാലേ പാത്രിയാർക്കീസ് പാപ്പയെ ക്ഷണിക്കുകയും ചെയ്തു.
മെയ് 20ന് ചൊവ്വാഴ്ചയാണ് മിക്ക ക്രൈസ്തവസഭകളും ആധികാരികമായി കണക്കാക്കുന്ന നിഖ്യാസൂനഹദോസിന്റെ വാര്‍ഷികാചരണം ആരംഭിച്ചത്.
ക്രൈസ്തവ സഭയ്‌ക്കെതിരെ ഉയര്‍ന്ന ആര്യന്‍ പാഷാണ്ഡതയെ ചെറുക്കുന്നതിന് റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്‍ ഒന്നാമന്‍ 325ാം ആണ്ടിലാണ് ക്രൈസ്തവ ചരിത്രത്തില്‍ നിര്‍ണായകമായിത്തീര്‍ന്ന ഒന്നാം നിഖ്യാ സൂനഹദോസ് വിളിച്ചുകൂട്ടിയത്.
ദൈവവുമായി സമാനത പങ്കിടുന്നവനെങ്കിലും യേശു ദൈവത്തിനു കീഴുള്ളവനും ദൈവത്തിന്റെ ആദ്യസൃഷ്ടിയുമാണെന്ന ആരീയുസ് എന്ന പുരോഹിതന്റെ സിദ്ധാന്തത്തെ ശക്തിയുക്തം എതിര്‍ത്ത ഈ സൂനഹദോസിന്റെ സംഭാവനയാണ് നിഖ്യാ വിശ്വാസപ്രമാണം.
കത്തോലിക്കാ സഭയും കിഴക്കന്‍ ഓര്‍ത്തഡോക്‌സ് സഭകളും, ആംഗ്ലിക്കന്‍ കൂട്ടായ്മയും ലൂഥറന്‍ സമൂഹം ഉള്‍പ്പെടെയുള്ള ഭൂരിഭാഗം പ്രൊട്ടസ്റ്റന്റ് സഭാ സമൂഹങ്ങളും ഈ സൂനഹദോസിനെ അംഗീകരിക്കുന്നു.