വാഷിങ്ടൺ ഡിസി: അമേരിക്കയിലെ ക്യാപിറ്റല്‍ ജൂത മ്യൂസിയത്തിന് മുന്നില്‍ ആക്രമിയുടെ വെടിയേറ്റു കൊല്ലപ്പെട്ട ഇസ്രയേലി എംബസി ജീവനക്കാരെ ഓര്‍മിച്ചുകൊണ്ട് ജാഗ്രതാ പ്രാര്‍ത്ഥന നടത്തി വിശ്വാസിസമൂഹം.
കത്തോലിക്കാ - ജൂത ബന്ധം ശക്തിപ്പെടുത്തുന്ന സംഘടനയായ ഫിലോസ് കാത്തലിക്കിന്റെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനകള്‍ നടത്തിയത്. കൊല്ലപ്പെട്ട ഇരുവരും ആഗോള തലത്തില്‍ ഇസ്രയേല്‍ - പാലസ്തീന്‍ പ്രശ്‌ന പരിഹാരത്തിനായുള്ള സന്നദ്ധ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും ഇസ്രയേല്‍ ജനതയോടും ഈ ആക്രമണത്തിന് ഇരയായ മുഴുവന്‍ യഹൂദ സമൂഹത്തോടുമൊപ്പം പ്രാര്‍ത്ഥനയിലും ഐകദാര്‍ഢ്യത്തിലും നിലകൊള്ളുന്നുവെന്ന് വാഷിങ്ടൺ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ റോബര്‍ട്ട് മക്എല്‍റോയ് പറഞ്ഞു.
യഹൂദ വിരുദ്ധത ഇപ്പോള്‍ വ്യാപകമാകുന്നുണ്ടെന്നും ന്യൂയോര്‍ക്കിലെ കത്തോലിക്കാ സമൂഹം ഈ തിന്മയെ ഉന്മൂലനം ചെയ്യുന്നതിനുള്ള തങ്ങളുടെ ദൃഢനിശ്ചയം പുതുക്കുകയാണെന്നും ന്യൂയോര്‍ക്കിലെ കത്തോലിക്ക ആര്‍ച്ച് ബിഷപ് തിമോത്തി ഡോളന്‍ പറഞ്ഞു.
യാറോണ്‍ ലിഷിന്‍സ്‌കി, സാറ മില്‍ഗ്രിം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മില്‍ വിവാഹം നടക്കാനിരിക്കെയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ ഏലിയാസ് റോഡ്രിഗ്‌സ്‌നെ (30) പോലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.