കീവ് : ഉക്രേനിയന്‍ നഗരങ്ങളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. 367 ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും മാരകമായ വ്യോമാക്രമണമാണിത് എന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. ബാരേജില്‍, കൈവ്, ഖാര്‍കിവ്, മൈക്കോലൈവ്, ടെര്‍നോപില്‍, ഖ്‌മെല്‍നിറ്റ്സ്‌കി എന്നിവിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
കീവിനെ ലക്ഷ്യമിട്ട് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചുള്ള മാരകമായ ആക്രമണം റഷ്യ നടത്തിയിരുന്നു. പിന്നാലെയാണ് പുതിയ ആക്രമണം. അമേരിക്കയും പ്രസിഡന്റ് ട്രംപും നിശബ്ദമായിരിക്കുന്നുവെന്നും റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു.
‘അമേരിക്കയുടെ നിശബ്ദതയും ലോകത്തിലെ മറ്റുള്ളവരുടെ നിശബ്ദതയും പുടിനെ പ്രോത്സാഹിപ്പിക്കുന്നു, ഇത്തരത്തിലെ ഓരോ റഷ്യന്‍ ആക്രമണവും റഷ്യയ്ക്കെതിരായ പുതിയ ഉപരോധങ്ങള്‍ക്ക് മതിയായ കാരണമാണ്’ സെലെന്‍സ്‌കി ടെലഗ്രാമില്‍ കുറിച്ചു.