അഹമ്മദാബാദ്: രാജ്യം നടുങ്ങിയ വന്‍ വിമാന ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിന്റെയും വെറും അഞ്ച് മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്ന് ഒരു തീഗോളമായി മാറുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
വിമാനത്താവളത്തിന് സമീപത്തെ കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ വിമാനം പറക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം താഴേക്ക് പതിക്കുന്നതും വലിയ തീഗോളമായി മാറുന്നതും ദൃശ്യങ്ങളിലുണ്ട്.
വിമാനം ജനവാസ മേഖലയിലാണ് തകര്‍ന്നു വീണത് എന്നതിനാല്‍ അപകടത്തിന്റെ വ്യാപ്തി കൂടുമെന്നാണ് അറിയുന്നത്. വിമാനത്താവളത്തിന് സമീപമുള്ള ഒരു ആശുപത്രി ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം വീണതെന്ന വാര്‍ത്തയും വരുന്നുണ്ട്.
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസ തകര്‍ന്നു വീണത്. ഇന്ന് ഉച്ചയ്ക്ക് 1.39 നായിരുന്നു ടേക്ക്ഓഫ്
തകര്‍ന്നു വീണതിന് പിന്നാലെ വിമാനം കത്തിയമര്‍ന്നതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രദേശത്തെ റോഡുകളെല്ലാം അടച്ചു. പ്രദേശത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായെന്നും സൂചനയുണ്ട്.
എയര്‍ ഇന്ത്യയുടെ 787 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലണ്ടനില്‍ പ്രാദേശിക സമയം വൈകുന്നേരം 6.25-ന് എത്തേണ്ടിയിരുന്ന വിമാനത്തില്‍ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ ജീവനക്കാരുമാണ്.