ഹോംസ്: സിറിയന്‍ നഗരമായ ഹോംസിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന് നേരെ വെടിവെപ്പ്. ബുസ്റ്റാന്‍ അല്‍ - ദിവാന്‍ പരിസരത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദി ഹോളി ബെല്‍റ്റ് കത്തീഡ്രലിന്റെ കുരിശിന് നേരെയാണ് സായുധ സംഘം വെടിവെപ്പ് നടത്തിയത്. ആക്രമണം നിലവിലെ സാഹചര്യത്തില്‍ സിറിയയിലെ ക്രൈസ്തവ സമൂഹങ്ങള്‍ നേരിടുന്ന ഭയവും അരക്ഷിതാവസ്ഥയും വര്‍ധിപ്പിക്കുമെന്ന് അതിരൂപത അറിയിച്ചു.
ഹൃദയം നിറഞ്ഞ ദുഖത്തോടെയാണ് ഈ ദൈവനിന്ദാപരമായ പ്രവൃത്തിയെ കാണുന്നതെന്ന് സിറിയന്‍ ഓര്‍ത്തഡോക്‌സ് അതിരൂപത അപലപിച്ചു. അക്രമത്തിന് ഉത്തരവാദികളായവരെ തിരിച്ചറിഞ്ഞ് നിയമനടപടി സ്വീകരിക്കാനും എല്ലാ വിശ്വാസ സമൂഹങ്ങളുടെയും പുണ്യസ്ഥലങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനും സിറിയന്‍ ഓര്‍ത്തഡോക്‌സ് അതിരൂപത ആര്‍ച്ച് ബിഷപ്പ്
തിമോത്തിയോസ് മത്ത അല്‍-ഖൗറി സർക്കാരുകളോട് ആവശ്യപ്പെട്ടു.
സെന്റ് മേരി ഓഫ് ദി ഹോളി ബെല്‍റ്റ് (ഉം അല്‍-സുന്നാര്‍) എന്ന ചരിത്ര പ്രസിദ്ധമായ കത്തീഡ്രല്‍ ഹോംസ്, ഹാമ, ടാര്‍ട്ടസ് എന്നിവിടങ്ങളിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് ആര്‍ച്ച് ബിഷപ്പിന്റെ ആസ്ഥാനമാണ്.