ടെഹ്‌റാന്‍: സൈനിക നടപടിയില്‍ അമേരിക്ക ഇസ്രയേലിനൊപ്പം ചേര്‍ന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ഭീഷണി. ഇസ്രയേല്‍ ദുര്‍ബലമായതുകൊണ്ടാണ് അമേരിക്ക അവര്‍ക്കൊപ്പം ചേരുന്നതെന്നും ഖൊമേനി വിമര്‍ശിച്ചു.
ഇറാന്‍ ഒരിക്കലും കീഴടങ്ങില്ല. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം തള്ളി രാജ്യത്തോട് നടത്തിയ പ്രത്യേക അഭിസംബോധനയിലാണ് ഖൊമേനി ഇക്കാര്യം വ്യക്തമാക്കിയത്.
ഏത് വിധത്തിലുള്ള ഭീഷണികള്‍ക്കും ആജ്ഞകള്‍ക്കും മുന്നില്‍ ഇറാന്‍ വഴങ്ങില്ല. ഇസ്രയേലിനെ സഹായിക്കാനുള്ള സൈനിക ഇടപെടല്‍ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അമേരിക്കക്കാര്‍ക്ക് തിരിച്ചെടുക്കാനാവാത്ത ദോഷം വരുത്തി വയ്ക്കും.
വിവേകം ഉള്ളവര്‍ ഇറാനോട് ഭീഷണി സ്വരത്തില്‍ സംസാരിക്കാറില്ലെന്നും ഖൊമേനി കൂട്ടിച്ചേര്‍ത്തു. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും ആയത്തുള്ള അലി ഖൊമേനി എവിടെയാണെന്ന് വ്യക്തമായി അറിയാമെങ്കിലും ഇപ്പോള്‍ വധിക്കില്ലെന്നും ട്രംപ് ഇന്നലെ പറഞ്ഞിരുന്നു.
അതേസമയം ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ അമീറിന് ഖൊമേനി നിര്‍ണായക സന്ദേശം കൈമാറിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു. ഇറാന്‍ അംബാസഡറാണ് കത്ത് അമീറിന് കൈമാറിയത്. കത്ത് ലഭിച്ചെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ കത്തിലെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല.
അതിനിടെ ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു. ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടില്ല. പടിഞ്ഞാറന്‍ ഇറാനിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. തലസ്ഥാനമായ ടെഹ്‌റാനിലും വന്‍ സ്‌ഫോടനങ്ങളുണ്ടായി.