ടെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇറാനിലെ പ്രധാന ആണവ നിലയമായ അറാക് നിലയം (ഹെവി വാട്ടര്‍ റിയാക്ടര്‍) ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തു.
ഇസ്രയേല്‍ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റോഡിയേഷന്‍ സാധ്യത ആക്രമണത്തിന് മുമ്പു തന്നെ ആളുകളെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചിരുന്നു.
തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് 250 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായാണ് അറാക് ആണവ നിലയമുള്ളത്. നിലയം തകര്‍ന്നെങ്കിലും അണു വികരണമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.
ആക്രമണത്തിന് മുന്നോടിയായി ഇസ്രയേല്‍ സൈന്യം സമൂഹ മാധ്യമത്തിലൂടെ നിലയം ആക്രമിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയും ആളുകളോട് ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അടുത്ത വര്‍ഷത്തോടെ നിലയം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കാനാണ് ഇറാന്‍ പദ്ധതിയിട്ടിരുന്നത്. ആണവായുധമുണ്ടാക്കാനായി പ്ലൂട്ടോണിയം സംസ്‌കരിച്ചെടുക്കുന്നതിന് വേണ്ടിയായിരുന്നു ഈ നിലയം. കനത്ത ബോംബാക്രമണത്തെ തുടര്‍ന്ന് അറാക്കിലെ റിയാക്ടറുകള്‍ പ്രവര്‍ത്തന രഹിതമായെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം മധ്യ, തെക്കന്‍ ഇസ്രയേലിലെ നാല് നഗരങ്ങളില്‍ ഇറാന്‍ മിസൈലുകള്‍ വര്‍ഷിച്ചു. ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. പ്രാദേശിക സമയം രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം.
ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും അറുപതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നായ ബീര്‍ ഷെവയിലെ സൊറോക്ക ആശുപത്രിക്കു നേരെയും മിസൈല്‍ ആക്രമണമുണ്ടായി.