ആലപ്പുഴ: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന ക്യാമ്പിലെ സംഘടനാ പ്രമേയത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ വിമര്‍ശനം. 'ക്യാപ്റ്റന്‍', 'മേജര്‍' വിളികള്‍ നാണക്കേടെന്നും നേതാക്കള്‍ അപഹാസ്യരാകരുതെന്നും പ്രമേയ ചര്‍ച്ചയില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും നിലവിലെ ചര്‍ച്ചകള്‍ കോണ്‍ഗ്രസിന് നാണക്കേടാണെന്നും ക്യാമ്പില്‍ വിമര്‍ശനമുയര്‍ന്നു. ജനത്തിന് അവമതിപ്പുണ്ടാകുന്ന ഇടപെടലുകള്‍ ഒഴിവാക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ക്യാപ്റ്റനെന്നും രമേശ് ചെന്നിത്തലയെ മേജറെന്നുമുള്ള വിശേഷണങ്ങള്‍ ഉയര്‍ന്ന് വന്നത്.
താന്‍ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പല ഉപതെരഞ്ഞെടുപ്പും വിജയിച്ചിട്ടുണ്ടെങ്കിലും അന്ന് എന്നെയാരും ക്യാപ്റ്റനാക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. അതേസമയം തന്നെ ക്യാപ്റ്റന്‍ എന്നു വിളിച്ചിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല ക്യാപ്റ്റനല്ല, മേജര്‍ ആണെന്നും വി.ഡി സതീശന്‍ മറുപടി നല്‍കിയിരുന്നു.