കാലിഫോര്‍ണിയ: ബഹിരാകാശ നിലയത്തില്‍ പതിനെട്ട് ദിവസത്തെ വാസത്തിന് ശേഷം ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും മറ്റ് മൂന്ന് സഹയാത്രികരും ഭൂമിയില്‍ തിരിച്ചെത്തി.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം തെക്കന്‍ കാലിഫോര്‍ണിയന്‍ തീരത്ത് പസഫിക് കടലില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്തത്. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി.
ഇന്ത്യന്‍ സമയം തിങ്കളാഴ്ച വൈകുന്നേരം 4.45 നാണ് പേടകം ബഹിരാകാശ നിലയവുമായുള്ള ബന്ധം വേര്‍പെടുത്തിയത്. നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകിയായിരുന്നു ഈ അണ്‍ ഡോക്കിങ്. 4.45 ന് ഭൂമിയിലേക്കുള്ള 22.5 മണിക്കൂര്‍ നീണ്ട യാത്ര ആരംഭിച്ചു.

14 ദിവസത്തെ ദൗത്യത്തിനായാണ് ആക്‌സിയം 4 സംഘം ബഹിരാകാശ നിലയത്തിലെത്തിയത്. മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍, ഗ്രൂപ്പ് കാപ്റ്റന്‍ ശുഭാംശു ശുക്ല, മിഷന്‍ സ്പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്നാന്‍സ്‌കി വിസ്നിയേവ്സ്‌കി, ടൈബോര്‍ കാപു എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്.
ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയും അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാണ് ശുഭാംശു ശുക്ല. നാലംഗ സംഘം ബഹിരാകാശ നിലയത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയാണ് തിരിച്ചെത്തിയത്.
സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ ജൂണ്‍ 26 നാണ് സംഘം നിലയത്തിലെത്തിയത്. ജൂലൈ ഒമ്പതിന് 14 ദിവസം പൂര്‍ത്തിയായി. പിന്നീട് നാല് ദിവസം കൂടി നിലയത്തില്‍ ചിലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.