പേടകത്തില്‍ നിന്ന് രണ്ടാമനായി പുറത്തിറങ്ങി ശുഭാംശു; സ്വഗതം ചെയ്ത് പ്രധാനമന്ത്രി: അഭിമാനത്തോടെ രാജ്യം

പേടകത്തില്‍ നിന്ന് രണ്ടാമനായി പുറത്തിറങ്ങി ശുഭാംശു; സ്വഗതം ചെയ്ത് പ്രധാനമന്ത്രി: അഭിമാനത്തോടെ രാജ്യം

കാലിഫോര്‍ണിയ: പതിനെട്ട് ദിവസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തിയ ഇന്ത്യയുടെ ശുഭാംശു ശുക്ല അടക്കമുള്ള നാല് ബഹിരാകാശ യാത്രികരും പേടത്തില്‍ നിന്ന് പുറത്തിറങ്ങി.

കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള പസഫിക് സമുദ്രത്തില്‍ ഇന്ത്യന്‍ സമയം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സ്പ്ലാഷ് ഡൗണ്‍ ചെയ്ത ഡ്രാഗണ്‍ ഗ്രേസ് പേടകം ആദ്യം റിക്കവറി ഷിപ്പിലേക്കു മാറ്റി. അല്‍പ സമയത്തിനുള്ളില്‍ മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സന്‍ പുറത്തിറങ്ങി. രണ്ടാമനായാണ് മിഷന്‍ പൈലറ്റായ ശുഭാംശു പുറത്തെത്തിയത്.

സ്‌പേസ് എക്‌സിന്റെ സ്പീഡ് ബോട്ടുകളാണ് റിക്കവറി ഷിപ്പിലേക്ക് പേടകത്തെ ചങ്ങലകളില്‍ ബന്ധിച്ച് എത്തിച്ചത്. റിക്കവറി ഷിപ്പില്‍ നിന്ന് ഇവരെ ഹെലികോപ്റ്റര്‍ മാര്‍ഗം ഇവരെ തീരത്ത് എത്തിക്കും.

പിന്നീട് ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയണം. മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയില്‍ 18 ദിവസം കഴിഞ്ഞ ശുഭാംശുവിന്റെ ആരോഗ്യനില നിരീക്ഷിക്കാനായി ഐഎസ്ആര്‍ഒയുടെ സംഘവും അമേരിക്കയില്‍ എത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ശുഭാംശു ശുക്ലയെ സ്വാഗതം ചെയ്തു. ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയെ രാജ്യത്തോടൊപ്പം ഞാനും സ്വാഗതം ചെയ്യുന്നുവെന്ന് അദേഹം എക്‌സില്‍ കുറിച്ചു.

അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ച ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി എന്ന നിലയില്‍ തന്റെ അര്‍പ്പണബോധം, ധീരത, മുന്നേറ്റ മനോഭാവം എന്നിവയിലൂടെ അദേഹം കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പ്രചോദനമായി. ഇത് നമ്മുടെ സ്വന്തം മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗന്‍യാനിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പെഗ്ഗി വിറ്റ്‌സന്‍ (അമേരിക്ക), സ്ലാവോസ് വിസ്നീവ്‌സ്‌കി (പോളണ്ട്), ടൈബോര്‍  കാപു (ഹംഗറി) എന്നിവരായിരുന്നു ശുഭാംശുവിന്റെ സഹയാത്രികര്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.