റാസൽ ഖൈമ: നിസാര പ്രശ്നത്തെ തുടർന്ന് റാസൽ ഖൈമയിൽ ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ് കേസിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി. കേസ് കോടതിയിലേക്ക് മാറ്റിയതായും ആദ്യ വാദം കേൾക്കുന്ന തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.
കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് വിചാരണ വേഗത്തിൽ നടക്കുമെന്ന് നിയമ വിദഗ്‌ധർ അഭിപ്രായപ്പെട്ടു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബം ആവശ്യപ്പെടുന്നത്. മെയ് അഞ്ചിന് രാത്രി 11 മണിയോടെയാണ് ആക്രമണം നടന്നത്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 66 വയസുള്ള അമ്മയും 36, 38 വയസുള്ള രണ്ട് പെൺ മക്കളുമാണ് കൊല്ലപ്പെട്ടത്. 47 വയസുള്ള മൂന്നാമത്തെ മകൾക്ക് വെടിയേറ്റെങ്കിലും രക്ഷപെട്ടു.
38 വയസുകാരി യാസ്‌മിനാണ് ആദ്യ വെടിയേറ്റത്. പിന്നീട് മറ്റ് സഹോദരിമാർക്കും അമ്മയ്ക്കും നേരെ പ്രതി നിറയൊഴിച്ചു. 11 വയസുള്ള ഒരു കുട്ടി ദാരുണ സംഭവത്തിന് സാക്ഷിയായി. സംഭവത്തിൽ യെമൻ പൗരനായ 55 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടവരെല്ലാം വിവാഹിതരും കുട്ടികളുള്ളവരുമാണ്.