ദുബായ്: യുഎഇ വിദ്യാഭ്യാസ മന്ത്രാലയം 2025-26 അധ്യയന വര്‍ഷത്തേക്കുള്ള പുതിയ ഹാജര്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഇത് വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ നിരീക്ഷണം കര്‍ശനമാക്കുകയും വിദ്യാഭ്യാസ കാര്യത്തില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയും ചെയ്യും.
പുതിയ സംവിധാനത്തിന് കീഴില്‍ വ്യക്തമായ കാരണങ്ങള്‍ കാണിക്കാതെ ഹാജരാകാതിരുന്നാല്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അച്ചടക്ക നടപടി ഉണ്ടാകും. ഒരു ദിവസം ഹാജരാകാതിരുന്നാല്‍ ആദ്യഘട്ടമായി മുന്നറിയിപ്പ് നല്‍കും. ഒരു വിദ്യാര്‍ത്ഥി ഒരു അധ്യയന വര്‍ഷത്തില്‍ 15 ദിവസങ്ങള്‍ ഇങ്ങനെ ഹാജാരാകാതിരുന്നാല്‍ തുടര്‍ നടപടികളിലേക്ക് പോകും.
ഇങ്ങനെ ഹാജരാകാതിരിക്കുന്ന വിദ്യാര്‍ത്ഥിയുടെ ഫയലും അവരുടെ രക്ഷിതാവിനെയും ബന്ധപ്പെട്ട അധികാരികള്‍ക്കും കുട്ടികളുടെ സംരക്ഷണ സ്ഥാപനങ്ങള്‍ക്കും റഫര്‍ ചെയ്യും. കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതുമായി ബന്ധപ്പെട്ട് പുതിയ നടപടിക്രമങ്ങളും നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുട്ടികള്‍ സ്‌കൂളില്‍ എത്തിയിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ രക്ഷിതാക്കള്‍ക്ക് അറിയിപ്പ് നല്‍കുന്ന തല്‍ക്ഷണ അറിയിപ്പ് സംവിധാനം നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നു.
വെള്ളിയാഴ്ചകളിലോ ഔദ്യോഗിക അവധി ദിവസങ്ങള്‍ക്ക് മുമ്പോ ശേഷമോ വരുന്ന ദിവസം ഹാജരാകാത്തത് രണ്ട് ദിവസം ഹാജരാകാത്തതായി കണക്കാക്കുമെന്നും ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്യുന്നു. സാധുവായ കാരണമില്ലാതെ സ്‌കൂളില്‍ ഹാജരാകാത്തത് ഒരു ടേമിന് അഞ്ച് ദിവസവും ഒരു വര്‍ഷത്തില്‍ 15 ദിവസവും ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ പരിധി കവിയുന്ന വിദ്യാര്‍ത്ഥികള്‍ അടുത്ത വര്‍ഷവും അതേ ക്ലാസില്‍ പഠിക്കേണ്ടി വന്നേക്കാം.
നടപടികളുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ച് അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ രക്ഷിതാക്കള്‍ക്ക് അപ്പീല്‍ നല്‍കാനുള്ള അവകാശമുണ്ട്.