ഷിംല: ഹിമാചല്‍ പ്രദേശില്‍ വീണ്ടും മിന്നല്‍ പ്രളയം. 25 പേരടങ്ങുന്ന സംഘം കല്‍പ്പയില്‍ കുടുങ്ങി. ഇവരില്‍ 18 പേര്‍ മലയാളികളാണ്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം റോഡ് മുഖേന യാത്ര സാധ്യമല്ല. സംഘത്തിലുള്ളവരില്‍ ചിലര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടെന്നാണ് വിവരം.
പതിനെട്ട് മലയാളികളില്‍ മൂന്ന് പേര്‍ കൊച്ചി സ്വദേശികളാണ്. ഓഗസ്റ്റ് 25 നാണ് ഇവര്‍ ഡല്‍ഹിയില്‍ നിന്നും യാത്ര തിരിച്ചത്. ഭക്ഷണവും വെള്ളവും അടക്കം അവശ്യ സാധനങ്ങളുടെ ലഭ്യത കുറവാണെന്നും തങ്ങളെ ഷിംലയില്‍ എത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും മലയാളികള്‍ ആവശ്യപ്പെട്ടു.
നിലവില്‍ സുരക്ഷിതരാണെന്നും അധികൃതരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ടെന്നും കുടുങ്ങിക്കിടക്കുന്ന മലയാളികളില്‍ ഒരാളായ കൊച്ചി സ്വദേശി ജിസാന്‍ സാവോ അറിയിച്ചു.
മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിന് പിന്നാലെ ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലുമാണ്. നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ മേഘ വിസ്‌ഫോടനങ്ങളും വെള്ളപ്പൊക്കവും കാരണം വലിയ പ്രതിസന്ധിയാണ് ഹിമാചല്‍ പ്രദേശ് നേരിടുന്നത്.
മണാലി, ന്യൂ മണാലി ടൗണ്‍, വിംകോ നഗര്‍ എന്നിവിടങ്ങളില്‍ യഥാക്രമം 27 സെന്റീമീറ്റര്‍, 26 സെന്റീമീറ്റര്‍, 23 സെന്റീമീറ്റര്‍ എന്നിങ്ങനെ അതി ശക്തമായ മഴ രേഖപ്പെടുത്തി. മണാലിയില്‍ (ഡിവിഷന്‍ 19) ശനിയാഴ്ച രാത്രി 11 വരെ 106.2 മില്ലിമീറ്റര്‍ മഴയും രാത്രി 11 മുതല്‍ 12 വരെ 126.6 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തിയതായി പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതിനിടെ ചെന്നൈയിലും മേഘവിസ്ഫാടനം ഉണ്ടായി. ഇന്നലെ രാത്രിയിലും ചെന്നൈ നഗരത്തില്‍ കനത്ത മഴയായിരുന്നു. ചെന്നൈ വിമാനത്താവളത്തിലേക്കുള്ള ചില വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴി തിരിച്ചു വിട്ടതായി അധികൃതര്‍ അറിയിച്ചു.