ലാഹോര്‍: പാകിസ്ഥാനിലെ തൗന്‍സ ജില്ലയില്‍ എച്ച്ഐവി ബാധ. കുട്ടികളിലാണ് കൂടുതലായി രോഗം സ്ഥിരീകരിച്ചത്. സുരക്ഷിതമല്ലാത്ത രക്തദാനവും ഇഞ്ചക്ഷന്റെ അമിതമായ ഉപയോഗവുമാണ് രോഗബാധക്ക് കാരണമെന്നാണ് നിഗമനം.
ഈ വര്‍ഷം ഏപ്രില്‍, ഓഗസ്റ്റ് മാസങ്ങളില്‍ വന്ന രണ്ട് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2024 ഡിസംബര്‍ മുതല്‍ ഈ പ്രദേശത്ത് ഏകദേശം 300 എച്ച്ഐവി പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. ഒരു വയസ് മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് കൂടുതലായി രോഗം സ്ഥിരീകരിച്ചത്.
2019 ല്‍ സിന്ധിലെ റാറ്റോഡിറോയില്‍ വന്‍ തോതില്‍ പീഡിയാട്രിക് എച്ച്ഐവി പൊട്ടിപ്പുറപ്പെട്ടതിന് സമാനമായ രീതിയിലാണ് തൗന്‍സയിലും എച്ച്ഐവി ബാധ ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തല്‍.
12 വയസിന് താഴെയുള്ള 127 കുട്ടികള്‍ക്ക് കൂടി എച്ച്ഐവി സ്ഥിരീകരിച്ചതോടെ 2024 ഡിസംബര്‍-2025 ഏപ്രില്‍ കാലയളവില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 231 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 79 ശതമാനം പേരും അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ്. രോഗികളുടെ ശരാശരി വയസ് 4.5 ആണ്. ചെറിയ കുഞ്ഞുങ്ങളെയും കുട്ടികളെയുമാണ് രോഗം കാര്യമായി ബാധിച്ചത്. അതുകൊണ്ട് തന്നെ രോഗം പകര്‍ന്നത് ജീവിത രീതിയിലെ പ്രശ്നങ്ങള്‍ കൊണ്ടല്ലെന്നും സുരക്ഷിതമല്ലാത്ത മെഡിക്കല്‍ രീതികള്‍ കൊണ്ടാണെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
2025 ഓഗസ്റ്റില്‍ പഞ്ചാബ് എയ്ഡ്‌സ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ (പിഎസിപി) കണ്ടെത്തലുകള്‍ പ്രകാരം തെഹ്‌സിലിലെ കുട്ടികളില്‍ 125 എച്ച്ഐവി പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 48,000 വീടുകളില്‍ നടത്തിയ ഒരു വലിയ സ്‌ക്രീനിങ് കാമ്പയിനില്‍, പിഎസിപി 150 എച്ച്ഐവി സംശയിക്കുന്ന കേസുകള്‍ കണ്ടെത്തി, അതില്‍ 125 കേസുകള്‍ എച്ച്ഐവി വാഹകരാണെന്ന് സ്ഥിരീകരിച്ചു. ആകെ 66 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു, 59 പേര്‍ ഇതിനകം ചികിത്സയിലാണ്. സംശയിക്കപ്പെടുന്ന 23 കേസുകള്‍ എച്ച്ഐവി നെഗറ്റീവ് ആയി പ്രഖ്യാപിച്ചു. അതേസമയം സ്ഥിരീകരിച്ച 231 കേസുകള്‍ക്ക് പുറമേ, 66 പുതിയ കേസുകള്‍ കൂടി വന്നതോടെ മൊത്തം കേസുകളുടെ എണ്ണം 297 ആയി ഉയര്‍ന്നു.