ബാരലിന് 3-4 ഡോളർ കുറയും: റഷ്യൻ എണ്ണ കൂടുതൽ വിലക്കിഴിവിൽ ഇന്ത്യക്ക്

ബാരലിന് 3-4 ഡോളർ കുറയും: റഷ്യൻ എണ്ണ കൂടുതൽ വിലക്കിഴിവിൽ ഇന്ത്യക്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് കൂടുതല്‍ വിലക്കിഴിവ് നല്‍കി റഷ്യ. ബാരലിന് മൂന്നുഡോളര്‍ മുതല്‍ നാലുഡോളര്‍ വരെ വിലക്കിഴിവാണ് നല്‍കുന്നത്. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് യുഎസ് ഇന്ത്യക്കുമേൽ ഉയര്‍ന്ന താരിഫ് ചുമത്തുന്നതിനിടെയാണ് വിലക്കിഴിവ്.

സെപ്റ്റംബര്‍ മാസം അവസാനവും ഒക്ടോബറിലും കയറ്റുമതി ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ള യുരാള്‍സ് ഗ്രേഡില്‍പെട്ട ക്രൂഡ് ഓയിലിന് ഇതിനകം തന്നെ വിലക്കിഴിവ് നിശ്ചയിച്ചു കഴിഞ്ഞു. ജൂലൈമാസത്തില്‍ ബാരലൊന്നിന് നല്‍കിയിരുന്ന ഒരു ഡോളര്‍ വിലക്കിഴിവ്, കഴിഞ്ഞയാഴ്ചയോടെ 2.50 ഡോളറായി വർധിപ്പിച്ചിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 2022 മുതലാണ് റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വന്‍വര്‍ധനയുണ്ടാകുന്നത്. ഒരുശതമാനത്തിന് താഴെനിന്ന് നാല്‍പ്പതുശതമാനത്തോളം എത്തിനില്‍ക്കുകയാണ് ഈ വളര്‍ച്ച. 5.4 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യയുടെ പ്രതിദിന ഇറക്കുമതി.

2024-25 ല്‍ ഇറാഖ്, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയെ മറികടന്ന് റഷ്യയിൽനിന്നായിരുന്നു ഇന്ത്യ 36 ശതമാനവും ഇറക്കുമതി ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.