ദുബൈ: ബാങ്കിങ് മേഖലയില്‍ നിര്‍ണായകമായ മാറ്റവുമായി യുഎഇ. സാമ്പത്തിക ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ ബാങ്കിന്റെ ഭാഗത്ത് നിന്ന് ഇമെയില്‍ വഴിയോ, എസ്എംഎസ് ആയോ വന്നിരുന്ന ഒടിപി സന്ദേശം വെള്ളിയാഴ്ച മുതല്‍ ലഭിക്കില്ല. പകരം ഉപയോക്താക്കള്‍ ബാങ്കിന്റെ ഔദ്യോഗിക ആപ്പ് വഴി മാത്രമേ ഇനി ഇടപാടുകള്‍ നടത്താന്‍ സാധിക്കുകയുള്ളു എന്നും അധികൃതര്‍ അറിയിച്ചു.
സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ രീതി നടപ്പിലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കൂടുതല്‍ സുരക്ഷിതമായും വളരെ വേഗത്തിലും ആപ്പ് വഴി ഇടപാടുകള്‍ നടത്താനാകും. ഒടിപി അടിസ്ഥാനമാക്കിയാണ് മിക്ക സൈബര്‍ തട്ടിപ്പുകളും നടക്കുന്നത്. ഇടപാടുകള്‍ ആപ്പ് വഴി ആകുന്നതോടെ തട്ടിപ്പുകള്‍ കുറയ്ക്കാന്‍ സാധിക്കും. ആപ്പുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാങ്കുകള്‍ ബയോമെട്രിക്‌സ്, പാസ്‌കോഡ്, ഫേസ് ഐഡി എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റൊരാള്‍ക്ക് ആപ്പുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല.
എല്ലാ ബാങ്ക് ഇടപാടുകളും 2026 മാര്‍ച്ചോടെ ആപ്പ് വഴിയാക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് അടുത്ത വര്‍ഷം മാര്‍ച്ചിന് മുന്‍പ് ഒ ടി പി സംവിധാനം പൂര്‍ണ്ണമായും ഇല്ലാതാകും. അതുവരെ ചില ഉപയോക്താക്കള്‍ക്ക് ഒടിപി ലഭിക്കാനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. എമിറേറ്റ്‌സ് എന്‍ബിഡി, മഷ്‌രിഖ്, എഡിസിബി, എഫ്എബി എന്നിങ്ങനെ വിവിധ ബാങ്കുകള്‍ ആപ്പ് അടിസ്ഥാനമാക്കിയുള്ള ബാങ്കിങിലേക്ക് മാറിയിട്ടുണ്ട്.