2024 ല്‍ മാത്രം വിലക്ക് നേരിട്ടത് 69,654 പേര്‍; വിവിധ കേസുകളില്‍പ്പെട്ട് കുവൈറ്റില്‍ യാത്രാ വിലക്ക് നേരിടുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവ്

2024 ല്‍ മാത്രം വിലക്ക് നേരിട്ടത് 69,654 പേര്‍; വിവിധ കേസുകളില്‍പ്പെട്ട് കുവൈറ്റില്‍ യാത്രാ വിലക്ക് നേരിടുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവ്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ കേസുകളില്‍പ്പെട്ട് യാത്രാ വിലക്ക് നേരിടുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2024 ല്‍ മാത്രം 182,255 കേസുകളായിലായി 69,654 പേര്‍ക്കാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. 2023 നെ അപേക്ഷിച്ച് യാത്രാ വിലക്ക് നേരിടുന്നവരുടെ എണ്ണത്തില്‍ 18.5 ശതമാനം വര്‍ധനവ് ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയതോടെ നിരവധി പ്രവാസികളാണ് കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ വര്‍ഷം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ 69,654 പേരില്‍ 51,420 പേരുടെ വിലക്ക് പിന്‍വലിച്ചിട്ടുണ്ട്. സാമ്പത്തിക കുടിശിക വരുത്തിയതിനാലാണ് 43,290 പേര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. പണം പൂര്‍ണമായും അടയ്ക്കുന്നത് അനുസരിച്ച് വിലക്ക് പിന്‍വലിക്കും.

സിവില്‍ തര്‍ക്കങ്ങള്‍, സിവില്‍-ക്രിമിനല്‍ വിധികള്‍, സാമ്പത്തിക കടങ്ങള്‍ വീട്ടാതിരിക്കുക എന്നിവ ഉള്‍പ്പെടെ വിവിധ കാരണങ്ങള്‍ കൊണ്ടാണ് പ്രതികള്‍ രാജ്യം വിട്ടു പോകാതിരിക്കാന്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നത്. കോടതികളിലെ ഡിജിറ്റല്‍ വല്‍കരണവും, ജുഡീഷ്യറി, ബാങ്കുകള്‍, ധനമന്ത്രാലയം എന്നിവയ്ക്കിടയിലെ സഹകരണവും കൂടുതല്‍ ശക്തമാക്കിയതോടെ അധികൃതര്‍ക്ക് അതിവേഗം നടപടി സ്വീകരിക്കാനാകുന്നുണ്ട്. ഈ നടപടികള്‍ രാജ്യത്തേക്ക് നിക്ഷേപം ഇറക്കാന്‍ ആഗ്രഹിക്കുന്നവരെ പിന്തിരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.