റിയാദ്: സൗദി അറേബ്യയിലെ ഫാര്‍മസി മേഖലയില്‍ സ്വദേശിവല്‍കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ജനറല്‍, സ്പെഷ്യല്‍ മെഡിക്കല്‍ കോംപ്ലക്സുകളിലെ ഫാര്‍മസികളില്‍ 35 ശതമാനവും ആശുപത്രികളിലെ ഫാര്‍മസികളില്‍ 65 ശതമാനവുമാണ് സ്വദേശിവല്‍കരണം നടപ്പിലാക്കുകയെന്ന് മാനവശേഷി, സാമൂഹിക വികസനമന്ത്രാലയം അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ ഫാര്‍മസി മേഖലയില്‍ ജോലി ചെയ്യുന്ന ഒട്ടേറെ പ്രവാസി മലയാളികളെ ഇത് ബാധിച്ചേക്കുമെന്നാണ് വിവരം. ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറികള്‍, മരുന്ന് മൊത്ത വിതരണ കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയില്‍ 55 ശതമാനം തൊഴിലുകള്‍ സൗദി പൗരന്മാര്‍ക്ക് നീക്കിവെക്കണം. സൗദി പൗരന്മാരായ ഫാര്‍മസിസ്റ്റുകള്‍ക്ക് കുറഞ്ഞ ശമ്പളം 7,000 റിയാലായി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ഇവര്‍ക്ക് തൊഴിലില്‍ ആവശ്യമായ റിക്രൂട്ട്‌മെന്റ്, പരിശീലനം എന്നിവയ്ക്ക് സാമ്പത്തിക സഹായവും നല്‍കും.
ഫാര്‍മസി മേഖലയിലെ 22 അംഗീകൃത തൊഴിലുകള്‍ സ്വദേശിവല്‍കരണ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. ജനറല്‍ ഫാര്‍മസിസ്റ്റ്, ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ്, അഡ്മിനിസ്‌ട്രേറ്റീവ് ഫാര്‍മസിസ്റ്റ്, ഫാര്‍മസി ടെക്‌നീഷ്യന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. 2024 ലെ കണക്ക് പ്രകാരം സൗദിയില്‍ ഏകദേശം 14,000 ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 85 ശതമാനം സ്വകാര്യ ഫാര്‍മസികളും 15 ശതമാനം ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും പ്രവര്‍ത്തിക്കുന്നവയുമാണ്.