ദുബായ്: യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് 23.88 ആയി. കുവൈറ്റ് ദിനാര്‍ 286.72 രൂപയുമായി. പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് പണമയക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്.
ജൂലൈയില്‍ ഭൂരിഭാഗം ദിവസങ്ങളിലും രൂപയുടെ മൂല്യം 23.2 മുതല്‍ 23.3 വരെ സ്ഥിരമായിരുന്നു. എന്നാല്‍ ഈ ആഴ്ച രൂപയുടെ മൂല്യം ഗണ്യമായി ഇടിഞ്ഞിരുന്നു. നാട്ടിലേക്ക് പണം വൈകി അയച്ചവര്‍ക്ക് ഇത് നേട്ടമാകും. വ്യാപാര രംഗത്ത് യു.എസ് താരിഫ് വര്‍ധിപ്പിക്കുമെന്ന ആശങ്ക ഇന്ത്യന്‍ വിപണികളില്‍ ഉണ്ടായ ചാഞ്ചാട്ടത്തിന് രൂപയുടെ മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ചെയ്തതോടെയാണ് പ്രവാസികള്‍ക്ക് ഈ നേട്ടം ലഭിച്ചത്.
യുഎഇ എക്‌സ്‌ചേഞ്ച് ഹൗസുകള്‍ ഇപ്പോള്‍ 23.723.8 നിലവാരമാണ് പറയുന്നത്, ഫെബ്രുവരിയില്‍ അവസാനമായി ഈ പ്രവണത കണ്ടിരുന്നു. ഈ വര്‍ഷം ആദ്യം ദിര്‍ഹമിനെതിരെ കറന്‍സിയുടെ എക്കാലത്തെയും താഴ്ന്ന വിനിമയ നിരക്കായ 23.92 ന് അടുത്താണിത്. എന്നാല്‍ ആ നില ചെറിയൊരു കാലം മാത്രമേ നീണ്ടുനിന്നുള്ളൂ.
കുവൈറ്റിലും യുഎഇയിലും മാത്രമല്ല, ഖത്തര്‍, ബഹറൈന്‍, സൗദി തുടങ്ങിയ രാജ്യങ്ങളിലെ കറന്‍സികളും കൂടുതല്‍ കരുത്തുകാട്ടിയ ദിവസമാണിന്ന്. ഈ പ്രവണത പ്രവാസികള്‍ക്ക് കൂടുതല്‍ നേട്ടം നല്‍കുന്നതിനാല്‍ കൂടുതല്‍ പേര്‍ നാട്ടിലേക്ക് പണം അയയ്ക്കുന്നുണ്ട്.