കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണിൽ ബന്ധപ്പെട്ട് ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്കി. സെപ്റ്റംബറിൽ നടക്കുന്ന യുഎൻ പൊതുസഭയിൽ കൂടിക്കാഴ്ച നടത്താൻ ആലോചിക്കുന്നതായി അദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.
റഷ്യ- ഉക്രെയ്ൻ യുദ്ധത്തിന് എത്രയും പെട്ടെന്ന് ഒരു പരിഹാരം കാണേണ്ടതുണ്ടെന്ന ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയെന്നും പ്രധാനമന്ത്രി മോഡി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഉക്രെയ്നുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാഹദ്ധമാണെന്ന് സെലെൻസ്കിയെ അറിയിച്ചതായും മോഡി പറഞ്ഞു.
റഷ്യയുടെ ഊർജ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന പ്രശ്നവും യുഎസ് ഉപരോധത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്. റഷ്യയുടെ ആക്രമണങ്ങളെക്കുറിച്ച് മോഡിയുമായി സംസാരിച്ചെന്നും സെലെൻസ്കി അറിയിച്ചു. ഉഭയകക്ഷി സഹകരണവും ചർച്ച ചെയ്തു. സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ പിന്തുണ നൽകുന്നതിൽ നന്ദിയുണ്ടെന്നും ഉക്രെയ്നുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉക്രെയ്നിന്റെ പങ്കാളിത്തത്തോടെ തീരുമാനിക്കണമെന്ന് മോഡിയുമായുള്ള ചർച്ചയിൽ സെലെൻസ്കി ഉന്നയിച്ചു.
ഇന്ത്യ ഉക്രെയ്ന്റെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് സെലെൻസ്കി പറഞ്ഞു. "ഉക്രെയ്നുമായി ബന്ധപ്പെട്ട എല്ലാം ഉക്രെയനിന്റെ പങ്കാളിത്തത്തോടെ തീരുമാനിക്കണം എന്ന നിലപാട് പങ്കിടുകയും ചെയ്തത് പ്രധാനമാണ്," സെലെൻസ്കി പറഞ്ഞു.
ട്രംപും പുടിനും തമ്മിൽ വരാനിരിക്കുന്ന ചർച്ചയുടെ പശ്ചാത്തലത്തിൽ ശക്തമായ നയതന്ത്ര നീക്കങ്ങൾ നടത്തുകയാണ് സെലെൻസ്കി. കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും പിന്തുണ നേടാൻ അദേഹത്തിന് സാധിച്ചിരുന്നു.
ട്രംപും പുടിനും തന്നെക്കൂടാതെ നടത്തുന്ന ചർച്ചയിൽ ഉക്രെയ്ൻ താൽപര്യത്തിന് വിരുദ്ധമായ പദ്ധതി ഉരുത്തിരിയാനുള്ള സാധ്യതയെയാണ് സെലെൻസ്കി ഭയക്കുന്നത്. ചർച്ചയിൽ ഉരുത്തിരിയുന്ന യുക്രെയ്ൻ താൽപര്യത്തിന് വിരുദ്ധമായ പദ്ധതി അടിച്ചേൽപ്പിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സെലെൻസ്കി പറയുന്നത്.