നൈസ്: ഫ്രാന്‍സിൽ പുരാതന ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. നൈസിനടുത്തുള്ള ചെറുപട്ടണമായ വെന്‍സില്‍ നിന്നാണ് ദേവാലയ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വെന്‍സ് മാര്‍ക്കറ്റ് ഹാളുകള്‍ പുതുക്കി പണിയാനുള്ള പ്രാരംഭ നടപടികള്‍ക്കിടയിലാണ് അവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പുരാവസ്തു ഖനനം അസാധാരണമായ കണ്ടെത്തലുകളിലേക്ക് നയിക്കുകയായിരുന്നു.
യൂറോപ്പില്‍ അമ്പതോ അറുപതോ വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന തരത്തില്‍ അമൂല്യമായ കണ്ടെത്തലാണ് ഇതെന്ന് നൈസ് മെട്രോപൊളിറ്റന്‍ ഏരിയ പുരാവസ്തു വിഭാഗത്തിന്റെ തലവൻ ഫാബിയന്‍ ബ്ലാങ്ക് - ഗരിഡല്‍ പറഞ്ഞു. വിശദമായ ഖനനത്തില്‍ ഏകദേശം മുപ്പത് മീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന ഒരു സമുച്ചയമാണ് കണ്ടെത്തിയത്. അഞ്ചാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയില്‍ തകർന്ന ഒരു കത്തീഡ്രലാണിതെന്ന് കരുതപ്പെടുന്നു.
യാതൊരു കേടുപാടുകളും കൂടാതെ നിലനിന്ന മാമ്മോദീസാ തൊട്ടി പ്രധാനപ്പെട്ട കണ്ടെത്തലുകളില്‍ ഉള്‍പ്പെടുന്നു. ബിഷപ്പുമാരുടെ മൃത കൂടീരങ്ങളും ഉദ്ഖനനത്തില്‍ കണ്ടെത്തി. മാമ്മോദീസാ നല്‍കിയിരുന്ന ഇടം ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട പുരാവസ്തുക്കളും ഇടങ്ങളും ചില്ലുകൂട്ടിലാക്കി സംരക്ഷിക്കും. മാര്‍ക്കറ്റിലെത്തുന്നവര്‍ക്ക് യൂറോപ്പിന്റെ സമ്പന്നമായ ക്രൈസ്തവ പൗരാണികതയുടെ ഓര്‍മപ്പെടുത്തലായി ഇവ നിലകൊള്ളും.