വാഷിങ്ടൺ ഡിസി: റഷ്യ - ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെയും ഉക്രെയ്ൻ പ്രസിഡൻ്റ് സെലെൻസ്കിയുടെയും നിർണായക കൂടിക്കാഴ്ച ഇന്ന് വൈറ്റ് ഹൗസിൽ നടക്കും. ഉക്രെയ്നിലെ സ്ഥലങ്ങൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തേക്കും.
ഡോണെറ്റ്സ്ക് മേഖല വിട്ടുനൽകിയാൽ ഉക്രെയ്നിലെ മറ്റ് സ്ഥലങ്ങൾക്ക് വേണ്ടിയുള്ള അവകാശവാദത്തിൽ ഇളവു ചെയ്യാമെന്ന് പുടിൻ ട്രംപിനെ അറിയിച്ചതായാണ് വിവരം. റഷ്യ വൻ ശക്തിയാണെന്നും അതിനാൽ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി കരാറിലെത്തണമെന്നുമാണ് ട്രംപിൻ്റെ നിലപാട്.
ചർച്ചയിലേക്ക് യൂറോപ്യൻ നേതാക്കൾക്കും ക്ഷണമുണ്ട്. ഉക്രെയ്ന് പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് യൂറോപ്യൻ യൂണിയനിലെ നേതാക്കളും വൈറ്റ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നത്. യൂറോപ്യൻ യൂണിയന്റെ ശക്തമായ പിന്തുണ സെലെൻസ്കിക്കുണ്ടെന്ന സന്ദേശം കൂടി പകരുന്നതാണ് നേതാക്കളുടെ സാന്നിധ്യം.
സമാധാന ചർച്ചകൾക്ക് മുൻപ് വെടിനിർത്തൽ വേണമെന്നാണ് സെലെൻസ്കിയുടെ നിലപാട്. യൂറോപ്യൻ യൂണിയൻ അംഗത്വം നേടാൻ ബ്രസൽസ് ഉക്രെയ്നെ പിന്തുണയ്ക്കുന്നുവെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡണ്ട് ഉർസുല വോൺ ഡെർ ലെയ്ൻ അറിയിച്ചിട്ടുണ്ട്.