ടെഹ്റാന്‍: ഇസ്രയേലുമായുള്ള യുദ്ധം ഏത് നിമിഷവും വീണ്ടും ആരംഭിച്ചേക്കാമെന്ന് ഇറാന്റെ ഭീഷണി. നിലവിലെ ശാന്തത താല്‍ക്കാലിക വിരാമമാണെന്ന് ഇറാന്റെ പ്രഥമ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അറഫ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
'ഏത് നിമിഷവും ഉണ്ടായേക്കാവുന്ന ഏറ്റുമുട്ടലിനായി ഞങ്ങള്‍ തയ്യാറാണ്. ഇപ്പോള്‍ ഞങ്ങള്‍ വെടിനിര്‍ത്തലില്‍ പോലുമല്ല, ശത്രുതയുടെ വിരാമത്തിലാണ്'- അറഫ് പറഞ്ഞു.
രാജ്യം ഏറ്റവും മോശം സാഹചര്യത്തിനുള്ള പദ്ധതികള്‍ക്ക് തയ്യാറെടുക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ സൈനിക ഉപദേശകന്‍ യഹ്യ റഹിം സഫാവിയും പ്രതികരിച്ചു.
'ഞങ്ങള്‍ ഇപ്പോള്‍ വെടിനിര്‍ത്തലില്ല. ഞങ്ങളിപ്പോള്‍ യുദ്ധ മുഖത്താണ്. അത് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നേക്കാം. അവിടെയൊരു പ്രോട്ടോക്കോളുമില്ല. നിയന്ത്രങ്ങളില്ല. ഞങ്ങളും ഇസ്രയേലികളും അമേരിക്കയും തമ്മില്‍ ഒരു കരാറുമില്ല'- ഇതായിരുന്നു സഫാവിയുടെ പ്രതികരണം.
ജൂണ്‍ പതിമൂന്നിനായിരുന്നു ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇറാന്റെ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബാഖിരി അടക്കം ആറോളം മുതിര്‍ന്ന ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ഇസ്രയേല്‍ തുറമുഖ നഗരമായ ഹൈഫ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. ഇസ്രയേലിന്റെ 'ശാസ്ത്ര ഹൃദയവും' സാങ്കേതിക ഗവേഷണങ്ങളുടെ ആസ്ഥാനവും എന്നറിയപ്പെടുന്ന വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നേരെയും ഇറാന്‍ ആക്രമണം നടത്തി.
ഇതിനിടെ അമേരിക്കയും ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പങ്കാളികളായി. ഇതോടെ സംഘര്‍ഷത്തിന് പുതിയമാനം വന്നു. ഇസ്രയേലിന്റെ ആണവ നിലയങ്ങള്‍ക്ക് നേരെ അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയിരുന്നു.
ഇറാനെതിരായ അപ്രതീക്ഷിത ആക്രമണത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് ലോക രാജ്യങ്ങള്‍ രംഗത്തു വന്നതോടെ അമേരിക്കയുടെ തന്നെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരികയായിരുന്നു.