വത്തിക്കാന്‍ സിറ്റി: പരിശുദ്ധ മാതാവിന്റെ രാജ്ഞിത്വ തിരുനാള്‍ ആഘോഷിക്കുന്ന ഓഗസ്റ്റ് 22ന് ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുവാന്‍ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ലോക സമാധാനത്തിനും നീതി പുലരുന്നതിനും സായുധ സംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവരുടെ ആശ്വാസത്തിനുമായി ഉപവാസ പ്രാര്‍ത്ഥന നടത്താനാണ് പാപ്പയുടെ ആഹ്വാനം.
പോള്‍ ആറാമന്‍ ഹാളില്‍ നടക്കുന്ന പ്രതിവാര പൊതു സന്ദര്‍ശന വേളയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോഴാണ് സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പങ്കുചേരാന്‍ മാര്‍പാപ്പ വിശ്വാസികളെ ക്ഷണിച്ചത്.
ഉക്രെയ്‌നും വിശുദ്ധനാടും ലോകത്തിന്റെ ഇതര ഭാഗങ്ങളും യുദ്ധങ്ങളാല്‍ മുറിവേൽക്കമ്പോള്‍ ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കാം. സായുധ സംഘര്‍ഷങ്ങള്‍ മൂലം കഷ്ടപ്പെടുന്നവരുടെ കണ്ണീര്‍ തുടക്കാന്‍ പ്രാര്‍ത്ഥിക്കാം. സമാധാന രാജ്ഞിയായ മറിയത്തോട് നമുക്ക് മാധ്യസ്ഥത യാചിക്കാമെന്ന് മാര്‍പാപ്പ പറഞ്ഞു.