ടെല്‍ അവീവ്: ഗാസാ സിറ്റി പൂര്‍ണമായും കീഴടക്കാനുള്ള സൈനിക നടപടികളുമായി ഇസ്രയേല്‍. ഹമാസുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ആക്രമണമാരംഭിച്ചതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭയുടെ ആക്രമണ പദ്ധതിക്ക് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് ബുധനാഴ്ച അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി 60,000 കരുതല്‍ സൈനികരോട് ഉടന്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി.
ഇപ്പോള്‍ യുദ്ധ മുഖത്തുള്ള 20,000 കരുതല്‍ സൈനികരുടെ സേവനകാലം നീട്ടുകയും ചെയ്തു. ഹമാസ് അംഗീകരിച്ച പുതിയ വെടിനിര്‍ത്തല്‍ വ്യവസ്ഥകളില്‍ മധ്യസ്ഥ രാജ്യങ്ങള്‍ ഇസ്രയേലിന്റെ പ്രതികരണം കാത്തിരിക്കുമ്പോഴാണ് ഈ നീക്കം.
തെക്കുള്ള ഖാന്‍ യൂനിസില്‍ തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയ പത്ത് ഹമാസുകാരെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം ബുധനാഴ്ച അറിയിച്ചു. നിരവധി ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടു.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷാ മന്ത്രിസഭ ഈ മാസം ആദ്യമാണ് ഗാസാ സിറ്റി കീഴടക്കുന്നതിന് അനുമതി നല്‍കിയത്.
ഗാസാ സിറ്റി കീഴടക്കാനുള്ള പുറപ്പാട് ഇസ്രയേലിലെയും ഗാസയിലെയും ജനങ്ങളെ സമ്പൂര്‍ണ ദുരന്തത്തിലേക്കും മേഖലയെ അവസാനിക്കാത്ത യുദ്ധത്തിലേക്കും നയിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു.
ആക്രമണത്തിന് മുന്നോടിയായി ഗാസാ സിറ്റിയില്‍ നിന്ന് ഗാസയുടെ തെക്കുഭാഗത്തേക്ക് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം പാലസ്തീന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
അതിനിടെ ജബലിയ, സൈതൂന്‍ എന്നിവയുടെ പരിസര പ്രദേശങ്ങളില്‍ സൈന്യം ആക്രമണം തുടങ്ങിക്കഴിഞ്ഞതായി ഇസ്രയേലി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിശ്ചിത ലക്ഷ്യ സ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് മാത്രമേ ആക്രമണം നടത്തൂ എന്നും അറിയിച്ചു. മുന്‍പ് ആക്രമണം നടത്തിയിട്ടില്ലാത്ത സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടും.
ബുധനാഴ്ച ഗാസയിലുടനീളം നടന്ന ആക്രമണങ്ങളില്‍ 25 പേര്‍ മരിച്ചു. 22 മാസമായി നടക്കുന്ന യുദ്ധത്തിലെ ആകെ മരണ സംഖ്യ 62,122 ആയി.
60 ദിവസത്തെ വെടിനിര്‍ത്തലിനും രണ്ട് ഘട്ടമായി ബന്ദികളെ വിട്ടയക്കുന്നതിനുമുള്ള കരാറിനാണ് ഹമാസ് കഴിഞ്ഞ ദിവസം സമ്മതിച്ചത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നു കയറി 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇതില്‍ 49 പേര്‍ ഇപ്പോഴും ഗാസയില്‍ ഹമാസിന്റെ കസ്റ്റഡിയിലുണ്ട്. അതില്‍ 27 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്.