പട്ന: ബിഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം. വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) നേതാവ് മുകേഷ് സഹാനിയെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും പ്രഖ്യാപിച്ചു. ഇന്ന് പട്നയില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
മുന്നണിയിലെ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ടാണ് പ്രഖ്യാപനം നടത്തിയത്.
എല്ലാ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അതിനു ശേഷമാണ് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതെന്നും അദേഹം പറഞ്ഞു.
തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ രാഹുല്‍ ഗാന്ധിയും ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ ഗെലോട്ട് എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനായി ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്തു.
തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവ് നന്ദി അറിയിച്ചു. സര്‍ക്കാര്‍ രൂപവല്‍കരിക്കാനും മുഖ്യമന്ത്രിയാകാനും മാത്രമല്ല, ബിഹാറിന് വേണ്ടി പ്രവര്‍ത്തിക്കാനും വേണ്ടിയാണ് മഹാസഖ്യത്തിന്റെ നേതാക്കള്‍ നിലകൊള്ളുന്നതെന്ന് അദേഹം പറഞ്ഞു.