സൈനിക കമാന്‍ഡറുടെ ദ്വിഭാഷി യഥാര്‍ത്ഥത്തില്‍ യു.എസ് സൈന്യത്തില്‍ നുഴഞ്ഞു കയറിയ അല്‍ ഖ്വയിദ പ്രവര്‍ത്തകനായിരുന്നു.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കന്‍ സൈന്യം തിരയുകയായിരുന്ന അല്‍ ഖ്വയിദ നേതാവ് ഒസാമ ബിന്‍ ലാദന്‍ തോറബോറ മലനിരകളില്‍ നിന്ന് രക്ഷപ്പെട്ടത് സ്ത്രീ വേഷം ധരിച്ചെന്ന് വെളിപ്പെടുത്തല്‍.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ ഭീകരവാദ പ്രതിരോധ വിഭാഗത്തിന്റെ പാകിസ്ഥാനിലെ തലവനായിരുന്ന ജോണ്‍ കിരിയാക്കോയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 15 വര്‍ഷം സിഐഎയുടെ ഭാഗമായി പ്രവര്‍ത്തിച്ചയാളാണ് കിരിയാക്കോ.

സൈന്യത്തിന്റെ കമാന്‍ഡറുടെ ദ്വിഭാഷി യഥാര്‍ത്ഥത്തില്‍ യു.എസ് സൈന്യത്തില്‍ നുഴഞ്ഞു കയറിയ അല്‍ ഖ്വയിദ പ്രവര്‍ത്തകനായിരുന്നുവെന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ല. ബിന്‍ ലാദനെ വളഞ്ഞുവെന്ന് തങ്ങള്‍ക്ക് ഉറപ്പായിരുന്നു. മലയിറങ്ങി വരാന്‍ സൈന്യം ലാദനോട് ആവശ്യപ്പെട്ടു.
'പ്രഭാതം വരെ സമയം തരുമോ? ഞങ്ങള്‍ക്ക് സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കണം. അതിനുശേഷം ഞങ്ങള്‍ താഴെവന്ന് കീഴടങ്ങാം' എന്നായിരുന്നു ബിന്‍ ലാദന്റെ മറുപടി. ആ ആവശ്യം അംഗീകരിക്കാന്‍ ദ്വിഭാഷി സൈനിക കമാന്‍ഡറെ പ്രേരിപ്പിച്ചു. എന്നാല്‍ ലാദന്‍ ഒരു സ്ത്രീ വേഷം ധരിച്ച് ഇരുട്ടിന്റെ മറവില്‍ ഒരു പിക്കപ്പ് വാനില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് ജോണ്‍ കിരിയാക്കോ വെളിപ്പെടുത്തി.
പിന്നീട് വര്‍ഷങ്ങളോളം ബിന്‍ ലാദനെക്കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിരുന്നില്ല. 2011 ല്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ ലാദന്‍ ഒളിവില്‍ കഴിഞ്ഞ സങ്കേതം യു.എസ് സൈന്യം കണ്ടെത്തി. നിരന്തര നിരീക്ഷണം നടത്തി അത് ലാദനാണെന്ന് സൈന്യം ഉറപ്പിച്ചു. ശേഷം കമാന്‍ഡോ ഓപ്പറേഷനിലൂടെ ബിന്‍ ലാദനെ വധിക്കുകയായിരുന്നു.