ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്‌നാട്ടിലെയും തീരദേശ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'മോന്ത' ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ആന്ധ്ര പ്രദേശിലും ഒഡിഷയുടെ തെക്കന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ ചെന്നൈ അടക്കം വടക്കന്‍ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്‌നാട്ടിലെയും തീരദേശ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ആന്ധ്രയിലെ 23 ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.14 ജില്ലകളില്‍ ഒക്ടോബര്‍ 29 വരെ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ശ്രീകാകുളം ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പ്രകാശം, നെല്ലൂര്‍, വെസ്റ്റ് ഗോദാവരി, കാക്കിനട ഉള്‍പ്പെടെ ഏഴ് ജില്ലകള്‍ക്ക് റെഡ് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.
കക്കിനഡ, ഈസ്റ്റ് ഗോദാവരി, കോനസീമ, എളുരു, വെസ്റ്റ് ഗോദാവരി, കൃഷ്ണ തുടങ്ങിയ ജില്ലകളില്‍ ഒക്ടോബര്‍ 31 വരെ സ്‌കൂളുകളും കോളജുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളോട് വീടുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ തീവ്ര ചുഴലിക്കാറ്റായി മാറുന്ന 'മോന്ത', വൈകുന്നേരത്തോടെ പരമാവധി 110 കിലോ മീറ്റര്‍ വേഗത്തില്‍ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയില്‍ കക്കിനടയ്ക്ക് സമീപം കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആന്ധ്രയിലും തെക്കന്‍ ഒഡിഷയിലും തമിഴ്‌നാട്ടിലെ വടക്കന്‍ ജില്ലകളിലും രാവിലെ തുടങ്ങിയ മഴയ്ക്ക് ശമനമായിട്ടില്ല.