പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്.
സ്വന്തം മണ്ഡലമായ ലഖിസാരയില്‍ ഇന്ന് ഉച്ചയോടെയാണ് ജനക്കൂട്ടം അദേഹത്തിന്റെ വാഹന വ്യൂഹം തടയുകയും കല്ലുകളും ചെരുപ്പുകളും എറിയുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.
വോട്ടെടുപ്പ് ദിനത്തില്‍ പോളിങ് ബൂത്തുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആര്‍ജെഡി ഗുണ്ടകളെന്നാണ് സിന്‍ഹയുടെ ആരോപണം. അതേസമയം നാട്ടുകാരുടെ പ്രതിഷേധമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു.
ബിജെപിയുടെ പോളിങ് ഏജന്റുമാരെ ആര്‍ജെഡി ഭീഷണിപ്പെടുത്തിയെന്ന ആരോപണവും പൊലീസ് തള്ളി. ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും തങ്ങള്‍ അവരുടെ നെഞ്ചിലൂടെ ബുള്‍ഡോസര്‍ ഓടിക്കമെന്നുമായിരുന്നു സംഭവത്തിന് ശേഷം സിന്‍ഹയുടെ പ്രതികരണം. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പറഞ്ഞ പൊലീസിനോടും സിന്‍ഹ ക്ഷുഭിതനായി.
പൊലീസ് ഉദ്യോഗസ്ഥന്റെ പരാമര്‍ശങ്ങളാണ് സിന്‍ഹയെ രോഷം കൊള്ളിച്ചത്. ജില്ലാ പൊലീസ് മേധാവിയെ പേടി തൊണ്ടനെന്നും കഴിവില്ലാത്തവനെന്നും ഉപമുഖ്യമന്ത്രി വിളിച്ചു. പ്രതിഷേധക്കാര്‍ ഉപമുഖ്യമന്ത്രിയെ അകത്തു കടത്താന്‍ അനുവദിക്കുന്നില്ലെന്നും ഭരണകൂടത്തിന് തന്നെ നാണക്കേടായെന്നും അദേഹം പറഞ്ഞു.
ലഖിസാരായിയില്‍ നിന്നുള്ള സിറ്റിങ് എംഎല്‍എയായ വിജയ് കുമാര്‍ സിന്‍ഹ കോണ്‍ഗ്രസിന്റെ അമരേഷ് കുമാറിനെതിരെയാണ് മത്സരിക്കുന്നത്. ജന്‍ സുരാജ് പാര്‍ട്ടിയുടെ സൂരജ് കുമാറും മത്സരത്തിലുണ്ട്.
സംഭവത്തിന് പിന്നാലെ നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രശ്നമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിഹാര്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.