എഡോ: നൈജീരിയയിലെ ക്രൈസ്തവ സമൂഹത്തെ കണ്ണീരിലാഴ്ത്തി ഔചി രൂപതയിൽനിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് സെമിനാരിക്കാരിൽ ഒരാൾ കൊല്ലപ്പെട്ടു. എഡോ സംസ്ഥാനത്തെ അമലോത്ഭവ മാതാ സെമിനാരിയിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട എമ്മാനുവേൽ അലാബിയാണ് അക്രമികളുടെ ക്രൂരതയ്ക്ക് ഇരയായത്.
അതേസമയം കൂടെയുണ്ടായിരുന്ന രണ്ട് സെമിനാരിക്കാരെ രക്ഷപ്പെടുത്താനായി. ജൂലൈ പത്തിന് രാത്രി സെമിനാരി ആക്രമിച്ച് സായുധ സംഘമാണ് മൂന്ന് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ സമയത്ത് സെമിനാരിയിലെ സുരക്ഷാപ്രവർത്തകനായ ക്രിസ്റ്റഫർ അവനെഗിയെമേ കൊല്ലപ്പെട്ടിരുന്നു.
യുവ വൈദികാർത്ഥിയുടെ ദുരന്തത്തിൽ ഔചി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഗബ്രിയേൽ ഗ്യാക്കൊമോ ദുനിയാ അഗാധമായ ദുഖം രേഖപ്പെടുത്തി. സുരക്ഷാ സംവിധാനങ്ങളുടെ പരാജയത്തിൽ ബിഷപ്പ് ദുനിയാ രാഷ്ട്രീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി. "രാജ്യത്തെ സുരക്ഷാ മേഖല ദുർബലമാകുന്നതിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ അലംഭാവം വ്യക്തമാണ്. 2027 ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ മോഹങ്ങളേക്കാൾ ജനങ്ങളുടെ സുരക്ഷയ്ക്കും നന്മയ്ക്കും മുൻഗണന നൽകണം," ബിഷപ് ദുനിയാ ശക്തമായി ആവശ്യപ്പെട്ടു.
ആളുകളുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കാൻ ബിഷപ്പ് സുരക്ഷാസേനകളോട് അഭ്യർത്ഥിച്ചു. നൈജീരിയൻ ക്രൈസ്തവ സമൂഹത്തിൽ തുടരുന്ന അരക്ഷിതാവസ്ഥയുടെ മറ്റൊരു ദുരന്ത സാക്ഷ്യമായി ഈ സംഭവം മാറുകയാണ്.