പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍ സി പ്രക്ഷോഭം; പാക് അധീന കാശ്മീരില്‍ വീണ്ടും സംഘര്‍ഷം

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍ സി പ്രക്ഷോഭം; പാക് അധീന കാശ്മീരില്‍ വീണ്ടും സംഘര്‍ഷം

ഇസ്ലാമാബാദ്: നേപ്പാളിലെയും ബംഗ്ലാദേശിലെയും പ്രക്ഷോഭങ്ങള്‍ മാതൃകയാക്കി യുവജനങ്ങള്‍ (ജെന്‍ സി) പാക് സര്‍ക്കാരിനെതിരെ കലാപവുമായി തെരുവിലിറങ്ങി.

ഇതോടെ പാക് അധീന കാശ്മീരില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തു. ചൊവ്വാഴ്ച മുസഫറാബാദിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പ്രക്ഷോഭങ്ങളുടെ തുടക്കം. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കുക എന്നതാണ് മുദ്രാവാക്യം.

ഫീസ് വര്‍ധനവ് അടക്കമുള്ള പരാതികള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി തുടങ്ങിയ പ്രതിഷേധം ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനും സൈന്യത്തിനും എതിരെയുള്ള പ്രക്ഷോഭമായി തെരുവിലേക്ക് പടരുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസിന് മുന്നില്‍ വച്ച് അജ്ഞാതന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ വെടിവയ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.

പതിറ്റാണ്ടുകളായി പാക് ഭരണകൂടം നടത്തുന്ന സാമ്പത്തിക ചൂഷണത്തിലും രാഷ്ട്രീയ അടിച്ചമര്‍ത്തലിലും മോശം ഭരണത്തിലും പാക് അധീന കാശ്മീരിലെ യുവാക്കള്‍ കടുത്ത നിരാശ പ്രകടിപ്പിക്കുന്നു. വ്യാപാരികള്‍, ആക്ടിവിസ്റ്റുകള്‍, അവകാശ ഗ്രൂപ്പുകള്‍ എന്നിവയുടെ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ (ജെ.എ.എ.സി) പിന്തുണ പ്രക്ഷോഭകര്‍ക്കുണ്ട്.

സംഭവത്തില്‍ പാക് സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. പ്രക്ഷോഭം വഷളായാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകും. ബലൂചിസ്ഥാന്‍ പോലുള്ള വിമത മേഖലകളില്‍ സമാന പ്രക്ഷോഭങ്ങളുണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്.

പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ മുസഫറാബാദ് യൂണിവേഴ്‌സിറ്റിയില്‍ സ്റ്റുഡന്റ് യൂണിയനുകളെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും സര്‍ക്കാര്‍ വിലക്കി. നൂറുകണക്കിന് പൊലീസുകാരെ തെരുവുകളില്‍ വിന്യസിച്ചു. മേഖലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ചിലയിടങ്ങളില്‍ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

യൂണിവേഴ്‌സിറ്റി, സെമസ്റ്റര്‍ ഫീസുകള്‍ കുറയ്ക്കണം, ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയ ഫീസും കുറയ്ക്കണം, ഇ-മാര്‍ക്കിംഗ് മൂല്യനിര്‍ണയ സംവിധാനം എടുത്തുകളയണം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, അന്യായ അറസ്റ്റുകള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ അവസാനിപ്പിക്കണം തുടങ്ങിയവയാണ് യുവ പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍.

അവകാശ ലംഘനങ്ങള്‍ക്കെതിരെ സെപറ്റംതംബര്‍ 29 ന് പാക് അധീന കാശ്മീരിലെ ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. സൈന്യത്തിന്റെ വെടിവയ്പില്‍ 12 സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പിന്നീട് സര്‍ക്കാരിന് ഉറപ്പ് നല്‍കേണ്ടി വന്നതോടെയാണ് ഒരാഴ്ച നീണ്ട പ്രക്ഷോഭം തണുത്തത്. വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ വീണ്ടും തെരുവിലിറങ്ങുമെന്നാണ് ജനങ്ങളുടെ മുന്നറിയിപ്പ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.