വത്തിക്കാൻ സിറ്റി: ഫ്രാൻസിലെ ദോസുലെയിൽ 1970 കളിൽ ഉണ്ടായെന്ന് പറയപ്പെടുന്ന ദര്‍ശനങ്ങൾക്കും അവിടെ ഒരു 'അതിബൃഹത്തായ കുരിശ്' സ്ഥാപിക്കണമെന്ന ആവശ്യത്തിനും വത്തിക്കാൻ ഔദ്യോഗികമായി തിരീലയിട്ടു. വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ കർദിനാൾ വിക്ടർ മനുവേൽ ഫെർണാണ്ടെസ് ദർശനങ്ങളുടെ ആധികാരികതയെ തള്ളിപ്പറഞ്ഞുകൊണ്ട് വിശദീകരണം നൽകി.
മദലെയ്ൻ ഓമോ എന്ന സ്ത്രീക്ക് 1972 നും 1978 നും ഇടയിൽ 49 ദർശനങ്ങൾ ലഭിച്ചതായാണ് പ്രചരിച്ചിരുന്നത്. അവിടെ സ്ഥാപിക്കുന്ന കുരിശിനെ മനസ്താപത്തോടെ സമീപിക്കുന്നവർക്ക് പാപപരിഹാരവും രക്ഷയും ലഭിക്കുമെന്ന സന്ദേശമാണ് ദോസുലെ ദർശനപരമ്പരയുമായി ബന്ധപ്പെട്ട് എല്ലായിടത്തും പ്രചരിക്കപ്പെട്ടത്.
1983 ലും 1985 ലും പ്രാദേശിക രൂപത അധ്യക്ഷനായിരുന്ന ഷാൻ മരീ ക്ലെമെൻ ബദ്രേ ഈ പ്രതിഭാസങ്ങൾക്ക് പിന്നിൽ ദൈവാത്മാവിന്റെ പ്രേരണയില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായത്തെ വത്തിക്കാൻ പൂർണമായി ശരിവെച്ചു. നിലവിലെ ബിഷപ്പ് ഹാബെർ ദർശനങ്ങൾക്ക് അഭൗമിക സ്വഭാവമില്ലെന്ന പ്രഖ്യാപനം നടത്താൻ വത്തിക്കാന്റെ അനുമതി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഡിക്കാസ്റ്ററി വിഷയത്തിൽ വിശദമായ പഠനം നടത്തിയത്.
"ഈ കുരിശിനെ സമീപിക്കുന്നവർക്ക് പാപപരിഹാരവും രക്ഷയും ലഭിക്കുമെന്ന" അഭിപ്രായം ക്രിസ്തുവിലൂടെ സാധ്യമായ രക്ഷയുമായി ബന്ധപ്പെട്ട കത്തോലിക്കാ വിശ്വാസത്തോട് ചേർന്നുപോകുന്നതല്ലെന്ന് ഡിക്കാസ്റ്ററി വ്യക്തമാക്കി. 1975 ലെ ജൂബിലി വർഷത്തിന് മുൻപ് കുരിശ് സ്ഥാപിക്കണമെന്നും അത് അവസാന ജൂബിലി വർഷമായിരിക്കുമെന്നുമുള്ള സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അതിനു ശേഷവും വിവിധ ജൂബിലികൾ സഭയിൽ ആഘോഷിക്കപ്പെട്ടു എന്ന കാര്യവും ഡിക്കാസ്റ്ററി ചൂണ്ടിക്കാട്ടി.
സ്വകാര്യ വെളിപാടുകളെക്കുറിച്ച് സുദീർഘമായ പഠനത്തിന് ശേഷമാണ് വത്തിക്കാൻ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഇതോടെ ദോസുലെയിൽ കുരിശ് സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള അനൗദ്യോഗിക സാമ്പത്തിക ശേഖരണ ശ്രമങ്ങൾക്കും മറ്റ് നീക്കങ്ങൾക്കും പൂർണ വിരാമമായി.