റഷ്യൻ സൈന്യത്തിൽ 200 ഇന്ത്യക്കാർ; 26 പേർ കൊല്ലപ്പെട്ടു; ഏഴ് പേരെ കാണാനില്ലെന്ന് കേന്ദ്രം

റഷ്യൻ സൈന്യത്തിൽ 200 ഇന്ത്യക്കാർ; 26 പേർ കൊല്ലപ്പെട്ടു; ഏഴ് പേരെ കാണാനില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി : റഷ്യ - ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമായി പോരാടിയ 26 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. യുദ്ധത്തിൽ പങ്കെടുപ്പിക്കുന്നതിനായി 200 ഓളം ഇന്ത്യക്കാരെ റഷ്യൻ സായുധസേന റിക്രൂട്ട് ചെയ്തതായും മന്ത്രാലയം വെളിപ്പെടുത്തി.

രാജ്യസഭയിൽ എംപിമാരായ സാകേത് ഗോഖലെ, രൺദീപ് സിങ് സുർജേവാല എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022 ൽ യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ 202 ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിന്റെ ഭാഗമായിട്ടുണ്ട്.

യുദ്ധമുഖത്ത് 26 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി. കൊല്ലപ്പെട്ടവരിൽ 10 പേരുടെ മൃതദേഹങ്ങൾ തിരികെ എത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. റഷ്യൻ അതിർത്തിയിൽ വെച്ച് ഏഴ് ഇന്ത്യക്കാരെ കാണാതായതായും മന്ത്രാലയം വ്യക്തമാക്കി. റഷ്യൻ സൈന്യത്തിൽ സേവനം തുടരുന്ന 50 പേരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി റഷ്യൻ സർക്കാരുമായി ചർച്ചകൾ നടന്നു വരികയാണ്. മരിച്ചവരെയോ കാണാതായവരെയോ തിരിച്ചറിയുന്നതിനായി 18 പേരുടെ ഡിഎൻഎ സാമ്പിളുകൾ റഷ്യയ്ക്ക് കൈമാറിയിട്ടുണ്ട്.

റഷ്യൻ സായുധ സേനയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും റഷ്യൻ അധികൃതരുമായി നടത്തിയ വിവിധ കൂടിക്കാഴ്ചകളിൽ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്.

128 രാജ്യങ്ങളിൽ നിന്ന് റഷ്യ സൈനികരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധത്തിൽ വൻതോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.