പാരിസ്: ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസി കൊട്ടാരത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന അമൂല്യ വസ്തുക്കൾ കവർന്ന ജീവനക്കാരൻ പിടിയിലായി. കൊട്ടാരത്തിലെ വെള്ളിപ്പാത്രങ്ങളുടെയും മറ്റ് വിലപിടിപ്പുള്ള സാമഗ്രികളുടെയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് മോഷണത്തിന് പിന്നിൽ.
ഏകദേശം 13 ലക്ഷം മുതൽ 36 ലക്ഷം രൂപ വരെ വിലമതിക്കുന്ന വസ്തുക്കളാണ് ഇയാൾ കടത്തിയത്. സംഭവത്തിൽ ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ അടുത്ത വർഷം വിചാരണ തുടങ്ങും.
കൊട്ടാരത്തിലേക്ക് പാത്രങ്ങൾ വിതരണം ചെയ്യുന്ന 'സെവ്രെസ് മാനുഫാക്ചറി' എന്ന സ്ഥാപനം ഓൺലൈൻ ലേല സൈറ്റുകളിൽ തങ്ങളുടെ തനതായ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത് ശ്രദ്ധിച്ചതോടെയാണ് വൻ മോഷണം പുറത്തറിഞ്ഞത്. തുടർന്ന് അധികൃതർ നടത്തിയ ആഭ്യന്തര അന്വേഷണം കൊട്ടാരത്തിലെ വെള്ളിപ്പാത്ര വിഭാഗം ജീവനക്കാരനിലേക്ക് എത്തുകയായിരുന്നു.
പ്രതിയുടെ വീട്, സ്വകാര്യ ലോക്കർ, വാഹനം എന്നിവിടങ്ങളിൽ നിന്നായി നൂറോളം പുരാവസ്തുക്കൾ കണ്ടെടുത്തു. ചെമ്പ് പാത്രങ്ങൾ, സെവ്രെസ് പോഴ്‌സലൈൻ പാത്രങ്ങൾ, വിലകൂടിയ ലാലിക് പ്രതിമകൾ, ബാക്കററ്റ് ഷാംപെയ്ൻ കപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്ത 'ഫ്രഞ്ച് എയർഫോഴ്‌സ്', 'സെവ്രെസ് മാനുഫാക്ചറി' എന്നിവയുടെ ഔദ്യോഗിക മുദ്രയുള്ള വസ്തുക്കൾ പ്രതിയുടെ ഓൺലൈൻ അക്കൗണ്ടിൽ കണ്ടെത്തി.
പ്രതി സൂക്ഷിച്ചിരുന്ന സ്റ്റോക്ക് വിവരങ്ങൾ പരിശോധിച്ചപ്പോൾ കൊട്ടാരത്തിൽ നിന്ന് വൻതോതിൽ വസ്തുക്കൾ ഭാവിയിൽ കടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. മോഷണം നടത്തിയ ജീവനക്കാരൻ, ഇയാളുടെ പങ്കാളിയായ ഓൺലൈൻ കമ്പനി മാനേജർ, മോഷ്ടിച്ച സാധനങ്ങൾ വാങ്ങിയ മറ്റൊരാൾ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ദേശീയ പൈതൃകത്തിന്റെ ഭാഗമായ വസ്തുക്കൾ മോഷ്ടിച്ചതിന് പ്രതികൾക്ക് 10 വർഷം വരെ തടവും 1.3 കോടിയിലധികം രൂപ (1.5 ലക്ഷം യൂറോ) പിഴയും ശിക്ഷ ലഭിച്ചേക്കാം. കേസിന്റെ വിചാരണ അടുത്ത വർഷം ഫെബ്രുവരി 26 ന് ആരംഭിക്കും. കണ്ടെടുത്ത വസ്തുക്കൾ കൊട്ടാരത്തിന് തിരികെ കൈമാറി.