ധാക്ക: ബംഗ്ലാദേശില്‍ കലാപം തുടരുന്നതിനിടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അസിസ്റ്റന്റ് ഓര്‍ഗനൈസിങ് സെക്രട്ടറിയും വ്യവസായിയുമായ ബെലാല്‍ ഹൊസൈന്റയുടെ വീടിന് തീയിട്ട് അക്രമികള്‍.
വീട്ടിലുണ്ടായിരുന്ന എഴ് വയസുകാരിയായ മകള്‍ പൊള്ളലേറ്റ് മരിക്കുകയും പതിനാലും പതിനാറും വയസുള്ള രണ്ട് പെണ്‍മക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അറുപത് ശതമാനത്തോളം പൊള്ളലേറ്റ കുട്ടികളെ മികച്ച ചികിത്സയ്ക്കായിര ധാക്കയിലെ ആശുപത്രിയിലേക്ക് മാറ്റി.
അര്‍ധ രാത്രിയോടെയാണ് വീടിനു നേരെ ആക്രമണമുണ്ടായത്. പുറത്തേക്കുള്ള വാതിലുകള്‍ തുറക്കാന്‍ കഴിയാത്തവിധം ബന്ധിച്ചശേഷം അക്രമികള്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കുട്ടികള്‍ മരണ വെപ്രാളത്തോടെ നിലവിളിച്ചെങ്കിലും മനസലിയാത്ത അക്രമികള്‍ കൊലവിളി തുടരുകയായിരുന്നു.
അവസാനം അക്രമികള്‍ പോയ ശേഷമാണ് മൂവരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്. അപ്പോഴേക്കും ഏഴുവയസുകാരി മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും അക്രമികളെ ഉടന്‍ പിടികൂടുമെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇതുവരെ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
വിഘടനവാദി നേതാവായ ഉസ്മാന്‍ ഹാദിയുടെ കൊലപാതകത്തോടെയാണ് ബംഗ്ലാദേശില്‍ വീണ്ടും കലാപം തുടങ്ങിയത്. കഴിഞ്ഞ ദിവസം കലാപകാരികള്‍ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയിട്ട് കത്തിച്ചിരുന്നു.